കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ അന്വേഷണ സംഘങ്ങള്‍ക്കെതിരെ പ്രതികളുന്നയിച്ച ആരോപണങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചതു സമാന്തര അന്വേഷണമാണെന്ന് ഹൈക്കോടതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ഒരു വകുപ്പു മാത്രമായ ഇഡിക്ക് സംസ്ഥാന സര്‍ക്കാരിനെതിരെ ഹര്‍ജി നല്കാന് നിയമപരമായി കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരും വാദിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ചതിനെതിരെ ഇ ഡി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ഈ നിലപാടുകള്‍ വ്യക്തമാക്കിയത്. നടപടികള്‍ നിയമപരമായി നില നില്‍ക്കുമോയെന്ന് പരിശോധിച്ച് ഇടക്കാല ഉത്തരവു നല്കാന് ഹൈക്കോടതി ഹര്‍ജി മാറ്റി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറാണ് ഹര്‍ജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ ഹര്‍ജിയില്‍ എതിര് കക്ഷിയാക്കിയതിനെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍ സ്വന്തം താല്പര്യം സംരക്ഷിക്കാനാണ് പിണറായി വിജയന് കമ്മീഷനെ നിയോഗിച്ചതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. തന്നെ കേസില്‍ കുടുക്കാന്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാന്‍ ഒരാള്‍ക്കെങ്ങനെയാണ് ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനാവുകയെന്നും അദ്ദേഹം ആരാഞ്ഞു. ഇ ഡി നടത്തുന്ന അന്വേഷണത്തിലുള്ള കടന്നുകയറ്റമാണ് കമ്മീഷന്റെ നിയമനമെന്ന് അഡി. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജും വ്യക്തമാക്കി.
ഇതേ വിഷയത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നുവെന്ന് ഇ ഡി വാദിച്ചു. ഇ ഡിക്കെതിരായ ആരോപണങ്ങള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിശോധിക്കുന്നുണ്ട്. ഇ ഡിക്കെതിരെ പരാതിയുണ്ടെങ്കില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കണം. കേന്ദ്ര ഏജന്‍സികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നവയാണ്. ഇവയ്ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്. കമ്മീഷന് ശുപാര്‍ശ നല്കിയാല്ത്തന്നെ സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാനാവില്ല. കമ്മീഷന്റെ പ്രവര്‍ത്തനം സ്റ്റേ ചെയ്യണമെന്നും ഇ ഡി വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: