ഇടുക്കി: വ്യത്യസ്തമായ പ്രവര്‍ത്തന ശൈലികൊണ്ട് മൂന്നാറിന്റെ മനസില്‍ ഇടം നേടിയ ദേവികുളം സബ് കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പടിയിറങ്ങുന്നു. ആദ്യമായി കൊവിഡെത്തിയപ്പോള്‍ നടത്തിയ നിര്‍ണായക ഇടപെടലുകളും, ടൂറിസം, വികസന രംഗത്തടക്കം അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നല്‍കിയ ഊന്നലും അദ്ദേഹത്തെ ജനപ്രിയനാക്കി. നിനച്ചിരിക്കാതെ എത്തിയ പെട്ടിമുടി ദുരന്തത്തിന്റെ നീറുന്ന ഓര്‍മകളും മനസില്‍ പേറിയാണ് തിരുവനന്തപുരം കവടിയാര്‍ രേവതി ഭവനില്‍ പ്രേംകൃഷ്ണന്‍ ജില്ലവിടുന്നത്.
തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന മൂന്നാര്‍ അനധികൃത കൈയേറ്റങ്ങളുടെ നാട് കൂടിയാണ്. ഇക്കാര്യങ്ങളില്‍ ശക്തമായ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥനാണ് ദേവികുളം ആര്‍ഡിഒ അഥവ സബ് കളക്ടര്‍. 2 വര്‍ഷത്തോളം നീണ്ട ജോലിയില്‍ പലുപ്പോഴും കൊവിഡ് വില്ലനായെങ്കിലും ഇക്കാര്യത്തിലും അദ്ദേഹം ശക്തമായ ഇടപെട്ടു.
ഡോ. രേണു രാജിന്റെ പിന്മാഗിയായി 2019 ഒക്ടോബര്‍ 14ന് ആണ് മൂന്നാറിലെത്തിയത്. 2017 ഐഎഎസ് ബാച്ചിലെ അംഗമാണ്. തൃശൂര്‍ അസി. കളക്ടറായിട്ടായിരുന്നു ആദ്യ നിയമനം.
ചിന്നക്കനാല്‍ ഭാഗത്ത് നിരവധി കൈയേറ്റങ്ങള്‍ ഒഴുപ്പിച്ചതോടെയാണ് ശ്രദ്ധ നേടിയത്. വെള്ളൂക്കുന്നേല്‍ ജിമ്മി സ്ഖറിയയുടെ 13 ഏക്കറോളം വരുന്ന സ്ഥലം അവധി ദിവസം പോലും നോക്കാതെ ഒഴുപ്പിച്ചതാണ് ഇതില്‍ എടുത്ത് പറയേണ്ടത്.
ഓഫീസില്‍ നിലവില്‍ അവശേഷിച്ച 15ന് മുകളിലുള്ള വലിയ കൈയേറ്റങ്ങളുടെ ഫയല്‍ നടപടികള്‍ ഉത്തരവിറക്കി പൂര്‍ത്തിയാക്കി. അശാസ്ത്രീയ നിര്‍മാണം കൊണ്ട് നാട്ടുകാര്‍ക്ക് എന്നും തലവേദനയായ ഗ്യാപ്പ് റോഡിന്റെ കാര്യത്തിലും നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കി.
ടൂറിസത്തിന്റെ ഭാഗമായി സ്ഥലങ്ങള്‍ തിരിച്ച് വിവിധ നിറങ്ങളില്‍ റൂട്ട് രേഖപ്പെടുത്തുന്ന വിബ്ജിയോര്‍ പദ്ധതി, കൈറ്റ് ഫെസ്റ്റിവെല്‍, ആദ്യത്തെ മൂന്നാര്‍ വിന്റര്‍ കാര്‍ണിവെല്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ഉദ്ഘാടനം എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ കാലത്തെ എടുത്ത് പറയേണ്ട ടൂറിസം പദ്ധതികളാണ്.
കേരളത്തില്‍ തന്നെ ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലൊന്നാണ് മൂന്നാര്‍. ടൂറിസത്തിന്റെ ഭാഗമായി എത്തിയ വിദേശിക്കായിരുന്നു അത്. പിന്നാലെ സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു ടൗണ്‍ അടച്ചതും ഇവിടെയാണ്. മാര്‍ക്കറ്റിന്റെ അകത്തെ ജനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി സബ് കളക്ടറുടെ നേതൃത്വത്തില്‍ നടപ്പിലാക്കി. ഇതുപ്രകാരം കടകളുടെ സമയം നിയന്ത്രിക്കുകയും ആളുകള്‍ക്ക് പാസ് നല്‍കി ഒരു മണിക്കൂര്‍ മാത്രം കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുകയും ചെയ്തു. തോട്ടം മേഖലയും സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന ഗ്രാമമായ മൂന്നാറില്‍ ഇത് വലിയ തോതില്‍ വിജയം കണ്ടു, കൊവിഡ് വിട്ടകന്നു.
മൂന്നാറില്‍ പുതിയ ആശുപത്രിയുടെ പ്രാഥമിക നടപടി ക്രമങ്ങളും ഏതാണ്ട് പൂര്‍ത്തിയായി. ആധുനിക സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രിയാണ് ഇവിടെ വരിക. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പ്രശ്‌നം മനസിലാക്കി ഇക്കാര്യത്തിലും ഇടപെടല്‍ നടത്തി. ഇതിന്‍ പ്രകാരം മൂന്നാര്‍ മേഖലയില്‍ 50 ഓളം പുതിയ ടവറുകളാണ് ജിയോ മാത്രം സ്ഥാപിക്കുന്നത്. ഇതില്‍ 25 എണ്ണത്തിന് അനുവദി ലഭിച്ചു കഴിഞ്ഞു.
ഇടമലക്കുടിയേക്കുള്ള റോഡ് നിര്‍മാണം, മൂന്നാറിന് ആവശ്യമായ അടിസ്ഥാന സൗകര്യ വികസനം, സ്‌കൂളുകളുടെ നവീകരണം, പിഎച്ച്‌സികളുടെ നവീകരണം, തുടങ്ങിയ പദ്ധതികള്‍ ഇപ്പോഴും തുടരുകയാണ്. അടുത്തിടെ ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച രണ്ട് സംഭവങ്ങളാണ് ഗ്യാപ്പ് റോഡിലെ പൊട്ടിച്ച പാറയുടെ അളവ് കണ്ടെത്താനുള്ള ശ്രമവും നിയന്ത്രണങ്ങളുള്ള വില്ലേജുകളിലെ എന്‍ഒസി പ്രശ്‌നവും. എന്‍ഒസിക്ക് കാലാവധി നിശ്ചയിക്കണമെന്നും 2018ല്‍ വില്ലേജ് ഓഫീസര്‍മാര്‍ നല്‍കിയ എന്‍ഒസികള്‍ റദ്ദാക്കണമെന്നും കാട്ടി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഗ്യാപ്പ് റോഡിന്റെ നിര്‍മാണവും എത്രമാത്രം പാറപ്പൊട്ടിച്ചുവെന്നത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് ഇനി നല്‍കാന്‍ അവശേഷിക്കുന്നത്. സ്ഥലമാറ്റം എങ്ങോട്ടാണെന്നത് സംബന്ധിച്ച് ഇതുവരെയും വ്യക്തമായ അറിയിപ്പ് വന്നിട്ടില്ലെന്നും ജില്ലാ ഡെവല്പമെന്റ് കമ്മീഷണര്‍(ഡിഡിസി) എന്ന പോസ്റ്റിലേക്കാണെന്നാണ് ലഭിക്കുന്ന വിവരം. ഭാര്യ: അഞ്ചു. മകള്‍: വൈഗ(3-ാം ക്ലാസ് വിദ്യാര്‍ത്ഥി)
എച്ച്ആര്‍സി പട്ടയം
10 വര്‍ഷമായി നല്‍കാതെ ഇരുന്ന എച്ച്ആര്‍സി (ഹില്‍റേഞ്ച് കോളനൈസേഷന്‍) പട്ടയം നല്‍കാന്‍ തീരുമാനിച്ചതാണ് എടുത്ത് പറയേണ്ട പ്രവര്‍ത്തനങ്ങളിലൊന്ന്. 100ല്‍ താഴെ അപേക്ഷകളാണ് ഇത്തരത്തില്‍ വര്‍ഷങ്ങളായി കിടന്നിരുന്നത്. 30 പട്ടയങ്ങള്‍ ഇത്തരത്തില്‍ നല്‍കുന്നതിനായി സബ് കളക്ടര്‍ ഒപ്പിട്ട് കഴിഞ്ഞു. ഇത് അടുത്ത പട്ടയമേളയില്‍ വിതരണം ചെയ്യും.
മായാതെ പെട്ടിമുടി
2020 ആഗസ്റ്റിലുണ്ടായ പെട്ടിമുടി ദുരന്തം ജീവിതത്തിലെവിടെ എത്തിയാലും എത്രക്കാലം കഴിഞ്ഞാലും മറക്കാന്‍ കഴിയാത്ത ഓര്‍മയാണെന്ന് അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു. പിന്നീടൊരിക്കലും അങ്ങോട്ട് പോകാന്‍ മനസ് അനുവദിച്ചിട്ടില്ല. സമീപത്തെല്ലാം പോയെങ്കിലും അവിടം ഒഴുവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: