ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം എത്രയെന്ന് സര്‍ക്കാരിന്റെ പക്കല്‍ ഇനിയും വ്യക്തമായ കണക്കില്ല. ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സോഫ്റ്റ്വെയര് വികസിപ്പിക്കുന്നതിന് പൊതുഭരണവകുപ്പ് ചെലവിട്ടത് 12,19,987 രൂപയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
2012ലാണ് സോഫ്റ്റ്വെയര് വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയത്. വി-സ്മാര്‍ട്ട് എന്ന പ്രോഗ്രാം സോഫ്റ്റ്വെയര് വികസിപ്പിച്ചത്. ഒന്‍പതു വര്‍ഷമായിട്ടും കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സോഫ്റ്റ്വെയര് സംബന്ധിച്ച് പരിശീലനം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, കണക്കെടുപ്പ് അനന്തമായി നീളുകയാണ്. പട്ടികവിഭാഗങ്ങളോടുള്ള മാറി മാറി വരുന്ന മുന്നണി സര്‍ക്കാരുകളുടെ അലംഭാവത്തിന്റെ പ്രത്യക്ഷോദാഹരണമാണ് ഈ സംഭവം. സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗ പ്രാതിനിധ്യം സംബന്ധിച്ച് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പൊതുഭരണവകുപ്പ് നടപടി സ്വീകരിക്കുമോയെന്ന യു. എ. ലത്തീഫ് എംഎല്‍എയുടെ ചോദ്യത്തിന് വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് മതിയായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. എന്നാല്‍, പട്ടിക വിഭാഗങ്ങള്‍ക്ക് പതിറ്റാണ്ടുകളായി സംവരണമുണ്ടായിട്ടും അതിനനുസരിച്ച് മതിയായ പ്രാതിനിധ്യം ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.
സംസ്ഥാനത്ത് 1,33,355 പട്ടികജാതി കുടുംബങ്ങള്‍ക്കും, 20,220 പട്ടിക വര്‍ഗ കുടുംബങ്ങള്‍ക്കും വീടില്ലെന്നാണ് വകുപ്പ് മന്ത്രി നല്കിയ വിവരം. ഈ കണക്കും അടിസ്ഥാനരഹിതമാണെന്നാണ് വിമര്‍ശനം. മൂന്ന് സെന്റ് ഭൂമിയില്‍ അഞ്ചു കുടുംബങ്ങള്‍ വരെയാണ് പലയിടത്തും കഴിയുന്നത്. ഭൂരഹിത, ഭവന രഹിതരായി പുറമ്പോക്കുകളില്‍ കഴിയുന്നവരുടെ കണക്കുകള്‍ സര്‍ക്കാര്‍ പട്ടികയ്ക്ക് പുറത്താണെന്നാണ് വിമര്‍ശനം. ഒന്നിലധികം കുടുംബങ്ങള്‍ക്ക് ഒരു റേഷന്‍ കാര്‍ഡ് മാത്രം ഉള്ളവരുമുണ്ട്. ഇവരുടെ പട്ടികയും കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വീടില്ലാത്ത കുടുംബങ്ങളെ കണക്കാക്കാന്‍ എന്തെല്ലാം രേഖകളാണ് മാനദണ്ഡമാക്കിയതെന്ന് വ്യക്തമാക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: