തൃശൂര്‍: വടക്കാഞ്ചേരി മുള്ളൂര്‍ക്കരയില്‍ സ്ഫോടനം നടന്ന ക്വാറിയില്‍ തോക്ക് പരിശീലനം നടന്നിരുന്നതായും വ്യക്തമാകുന്നു. മത തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ് ക്വാറി കേന്ദ്രമാക്കി ആയുധ പരിശീലനം നടത്തിയിരുന്നത്. പ്രദേശത്തെ വനത്തില്‍ ഇവര്‍ മൃഗങ്ങളെ വേട്ടയാടുകയും ചെയ്തിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് മായന്നൂര്‍ വനത്തില്‍ വേട്ടയ്ക്കിടെ ഒരു സംഘം പിടിയിലായി. ഇവരുടെ പക്കല്‍ നിന്നു തോക്കുകളും പിടികൂടിയിരുന്നു.
കൂടുതല്‍ ആയുധങ്ങളും വെടിക്കോപ്പുകളും ക്വാറിയില്‍ സൂക്ഷിച്ചിരുന്നതായാണ് വിവരം. സ്ഫോടനം നടന്ന ക്വാറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കണ്ടെയ്നറിലാകാം ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്നതെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം പോലീസ് ഈ കണ്ടെയ്നറിലും പരിസര പ്രദേശങ്ങളിലും തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
അപകടം നടന്നയുടനെ സ്ഫോടക വസ്തുക്കളും ആയുധങ്ങളും ഇവിടെ നിന്ന് മാറ്റിയതായാണ് പരിസരവാസികള്‍ പറയുന്നത്. പ്രദേശത്തെ ചില വീടുകളിലേക്കാണ് ഇവ മാറ്റിയതെന്നും പറയുന്നു. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി.
സ്ഫോടനം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് ഇന്നലെ സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്.
പ്രവര്‍ത്തനാനുമതിയില്ലാത്ത ക്വാറിയിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. സ്ഫോടനം എങ്ങനെയാണ് നടന്നത് എന്നതില്‍ വിശദമായ അന്വേഷണം വേണം. അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് പരിക്കേറ്റവരുടെ മൊഴി. ഇക്കാര്യത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണത്തിന് ആര്‍ഡിഒയെ ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അപകടം നടന്ന ക്വാറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നും ക്വാറിയിലേക്കുള്ള പാതകള്‍ ചങ്ങലയിട്ട് ബന്ധിപ്പിക്കാനും ഗ്രാമ പഞ്ചായത്തിന് കളക്ടര്‍ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: