മാവേലിക്കര: ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ മുടങ്ങിയിട്ട് പത്തു മാസം തികഞ്ഞു. ഇതു മൂലം സാധാരണക്കാരായ ജനങ്ങള്‍ വലയുമ്പോള്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ മൗനം പാലിക്കുന്നു.
കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഓപ്പറേഷന് തിയേറ്റര്‍ അടച്ചതോടെ ഇവിടുത്തെ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചതാണ്. കാലമിത്രയുമായിട്ടും തീയേറ്ററിന്റെ പണി പൂര്‍ത്തീകരിക്കുവാനോ ശസ്ത്രക്രിയ പുനരാരംഭിക്കുവാനോ സാധിച്ചിട്ടില്ല. ഓര്‍തോ, ഒഫ്താല്‍മോളജി, ജനറല്‍ എന്നിങ്ങനെ മൂന്ന് ഓപ്പറേഷന് തീയറ്ററുകളാണ് മവേലിക്കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്.
എന്നാല്‍ ഒഫ്താല്‍മോളജി ഓപ്പറേഷന് തീയറ്ററിന്റെ ആധുനികവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ ഒരേ കെട്ടിടത്തില്‍ പ്രവര്ത്തിയിരുന്ന മറ്റു രണ്ട് തീയറ്ററുകളും കൂടി അടച്ചിടേണ്ടി വരികയായിരുന്നു. നിസ്സാര ശസ്ത്രക്രിയകള്‍ ചെയ്യുവാനായി ഒരു താത്കാലിക സംവിധാനം ഏര്‍പ്പെടുത്തുകയും സാരമായ രോഗങ്ങളുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയുമാണ് ചെയ്യുന്നത് തൊട്ടടുത്തുള്ള പ്രദേശങ്ങളായ ഹരിപ്പാട് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ മാവേലിക്കരയില്‍ ശസ്ത്രക്രിയ ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്നത് സാധാരണ ജനത്തിന് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
മാവേലിക്കര ആശുപത്രിയില്‍ രണ്ട് സര്ജന്മാരുണ്ടങ്കിലും മറ്റ് ജീവനക്കാരുടെ കുറവും അനുഭവപ്പെടുന്നുണ്ട്. തീയേറ്റര്‍ പണി പൂര്‍ത്തിയായാല്‍ പോലും തസ്തികകളില്‍ നിയമനം നടത്തുക കൂടി ചെയ്തെങ്കില്‍ മാത്രമെ പൂര്‍ണ്ണതോതില്‍ ശസ്ത്രക്രിയ നടക്കുകയുള്ളു. കോവിഡും ലോക് ഡൗണും മൂലമാണ് തീയേറ്ററിന്റെ പണി മുടങ്ങുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറയുമ്പോഴും അധികാരികളുടെ നിസ്സംഗതയാണ് പ്രശ്നത്തിന് കാരണമെന്നാണ് ജനങ്ങളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: