ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ദല്‍ഹിയില്‍നിന്ന് മടങ്ങി. അമരീന്ദര്‍ സിംഗ് സര്‍ക്കാരിന്റെ തലപ്പത്ത് തുടരുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാര്‍ക്ക് അമരീന്ദറുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരും. അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാന ഘടകത്തിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതി, നേതാക്കളെ കാണുന്നത് തുടരും. മതനിന്ദ കേസുകളിലെ സര്‍ക്കാരിന്റെ നിഷ്ക്രിയത്വം, സര്‍ക്കാരില്‍ ദളിത് പ്രാതിനിധ്യത്തിലുള്ള കുറവ്, മുഖ്യമന്ത്രിക്കൊപ്പമുള്ളവര്‍ മൂലം മുഖ്യമന്ത്രിയെ സമീപിക്കാന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികള്‍ ഒരുസംഘം നേതാക്കള്‍ ഉയര്‍ത്തുന്നു.
എന്നാല്‍ ഐക്യമുറപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി പാര്‍ട്ടി പറയുന്നു. അമരീന്ദറുമായി അഭിപ്രായ വ്യത്യാസമുള്ള സംസ്ഥാന അധ്യക്ഷന്‍ സുനില്‍ ജാക്കറെ മാറ്റുന്നത് പരിഗണനയിലുണ്ട്. ഇപ്പോള്‍ ഉടക്കിനില്‍ക്കുന്ന നവ്ജോത് സിംഗ് സിദ്ദുവോ, ദളിത് മുഖമോ ഈ സ്ഥാനത്തേക്ക് വരാം. മണല്‍, ഗതാഗത മാഫിയകളെ നിയന്ത്രിക്കല്‍, ഊര്‍ജ കരാറുകള്‍ പുതുക്കി ബില്ലുകള്‍ കുറയ്ക്കുക, മതനിന്ദയുമായി ബന്ധപ്പെട്ട പ്രശ്നം, പട്ടിക വിഭാഗങ്ങളുടെ കൃത്യമായ പ്രാതിനിധ്യവും അവരുടെ പരാതികളും പരിശോധിക്കല്‍ എന്നിവയില്‍ നടപടിയുണ്ടാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം അമരീന്ദര്‍ സിംഗിനോട് ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങള്‍ ചെയ്താല്‍ സിദ്ദുവിന് മുഖംരക്ഷിച്ച് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനാകുമെന്ന് നേതൃത്വം കരുതുന്നു.
പിന്തുണ ആവശ്യമുള്ള സമയത്ത് കൈവിടുന്ന തരത്തിലുള്ള നടപടിയാണോ രാഹുലിന്റേതെന്ന ചോദ്യത്തിന് അമരീന്ദര്‍ സമിതിയുമായി കൂടിക്കാഴ്ച നത്തി ഉച്ചഭക്ഷണം കഴിച്ചുവെന്നും മുതിര്‍ന്ന നേതാവ് അംബികാ സോണിയെ കണ്ടിരുന്നുവെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി പോര് തുടരുന്ന സിദ്ദുവിനെ വിളിപ്പിക്കുമോയെന്ന ചോദ്യത്തിന്, അതെയെന്നായിരുന്നു പഞ്ചാബിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്തിന്റെ മറുപടി. വസ്തുതാ റിപ്പോര്‍ട്ട് തയ്യാറാക്കുകയായിരുന്നുവെന്നും സിദ്ദുവിനെ ക്ഷണിച്ചപ്പോള്‍ ഗാന്ധിമാരെ മാത്രമേ കാണൂവെന്ന് അദ്ദേഹം വ്യക്തമാക്കിയതായും സമിതിയംഗങ്ങള്‍ പറഞ്ഞു.
സമിതിയുടെ ദൗത്യം ഏകദേശം പൂര്‍ത്തിയാക്കിയതായാണ് വിവരം. ഗുരു ഗ്രന്ഥ് സാഹിബിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന 2015-ലെ കേസില്‍ സംസ്ഥാന സർക്കാരിന് നിയമപരമായി തിരിച്ചടി നേരിട്ടതിന് പിന്നാലെ സിദ്ദു സര്‍ക്കാരിനെതിരെ വീണ്ടും രംഗത്തുവരികയായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ രണ്ടു മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള തീരുമാനത്തെയും സിദ്ദു എതിര്‍ക്കുന്നു. മൂന്നംഗ സമിതിയെ കാണാന്‍ തിങ്കളാഴ്ചയാണ് അമരീന്ദര്‍ സിംഗ് ദല്‍ഹിയിലെത്തിയത്. ഖാര്‍ഗെയും ജെ പി അഗര്‍വാളും ഹരീഷ് റാവത്തും ഉള്‍പ്പെട്ട മൂന്നംഗ സമിതിയുമായി ചൊവ്വാഴ്ച രണ്ടാംവട്ടം സംസാരിച്ചു. സമിതി സംസ്ഥാന വിഷയങ്ങളില്‍ വ്യക്തത തേടി. ഈ മാസത്തിന്റെ തുടക്കത്തിലായിരുന്നു ആദ്യ കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: