മഹാദേവനെ അമ്മാവനായി പൂജിക്കുന്ന ക്ഷേത്രമാണ് തിരുവനന്തപുരത്തിനടുത്ത് കേരള -തമിഴ്നാട് അതിര്‍ത്തിയിലുള്ള അളപ്പന്‍കോട് ഈശ്വരകാല ഭൂതത്താന്‍ ക്ഷേത്രം. തിരുവനന്തപുരം- കന്യാകുമാരി ദേശീയ പാതയില്‍ മാര്‍ത്താണ്ഡത്തു നിന്നും ആറു കിലോമീറ്റര്‍ അകലെ അരയാല്‍ ചുവട്ടിലുള്ള ഈ ക്ഷേത്രം മനുഷ്യര്‍ക്കെന്ന പോലെ പക്ഷിമൃഗാദികള്‍ക്കും അനുഗ്രഹം ചൊരിയുന്നു. മഹാദേവന്റെ മടിയിലിരിക്കുന്ന ശാസ്താവാണ് ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്ന അപൂര്‍വതകളില്‍ മറ്റൊന്ന്.
ഒരു കാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ ക്ഷേത്രം. യോഗദണ്ഡ് അഥവാ ഭൂതദണ്ഡാണ് ഇവിടുത്തെ മഹാദേവ സങ്കല്‍പ്പം. അമ്മാവന്റെ മടിയിലിരുക്കുന്ന ശാസ്താവിനെ വണങ്ങാന്‍ ഒട്ടേറെ തീര്‍ത്ഥാടകരാണ് ഇവിടെ എത്താറുള്ളത്. അരയാല്‍ ശ്രീകോവിലാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. ഒരു വലിയ വൃക്ഷത്തെ കേന്ദ്രീകരിച്ച്, നാലു വശവും തുറന്നു നില്ക്കുന്ന ശ്രീകോവില്‍.
മാര്‍ത്താണ്ഡ വര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കാനെത്തിയ വേളയില്‍ അമ്പലപ്പുഴയിലെ ചെമ്പകശ്ശേരി രാജസേവകരായ കുറച്ച് നായര്‍ കുടുംബങ്ങള്‍ മാര്‍ത്താണ്ഡ വര്‍മ്മയോടൊപ്പം ചേര്‍ന്നു. അദ്ദേഹത്തിന് അവര്‍ തന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുത്തു. ചെമ്പകശ്ശേരി പിടിച്ചെടുത്ത മാര്‍ത്താണ്ഡ വര്‍മ്മ തന്നെ സഹായിച്ച കുടുംബങ്ങളെ പത്മനാഭപുരം കൊട്ടാരത്തിനടുത്തേയ്ക്ക് വസിക്കുവാനായി ക്ഷണിച്ചു. അവിടേക്കുള്ള കാളവണ്ടി യാത്രയില്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോഴൊക്കെ, സഹായിയായെത്തിയ ഒരു അമ്മാവന്റെ സാന്നിധ്യം തുണയായി. അമ്മാവനായെത്തിയത് മഹാദേവനായിരുന്നുവെന്ന് യാത്രയ്ക്ക് ഒടുവില്‍ അവര്‍ക്ക് ബോധ്യമായി. അരയാല്‍ ചുവട്ടില്‍ കുടിയിരുത്തിയ മഹാദേവനെ ആരാധിക്കാന്‍ തുടങ്ങിയതിനു പിറകിലെ ഐതിഹ്യം ഇതാണ്.
കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് ആനയെഴുന്നള്ളത്ത് പതിവാണെങ്കിലും തമിഴ്നാട്ടില്‍ ആനയെ എഴുന്നള്ളിക്കുന്ന ഏക ക്ഷേത്രമാണ് അളപ്പന്‍കോട് ക്ഷേത്രം. വളര്‍ത്തു മൃഗങ്ങളെയും അമ്മാവന് ഇവിടെ കാത്തുപോരുന്നു. കന്നുകാലികള്‍ക്കും നായകള്‍ക്കും കോഴികള്‍ക്കുമൊക്കെ അസുഖങ്ങളുണ്ടായാല്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ച് ചരടു ജപിച്ചു കെട്ടിയാല്‍ മതിയെന്നാണ് വിശ്വാസം. വളര്‍ത്തു മൃഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാനും, ആദ്യം ചുരത്തുന്ന പാല് ഭഗവാന് അഭിഷേകത്തിന് സമര്‍പ്പിക്കാനും ക്ഷേത്രത്തില്‍ നിരവധി ആളുകളെത്താറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: