തിരുവനന്തപുരം: ഭര്‍തൃവീട്ടില്‍ വിസ്മയ എന്ന യുവതി മരണപ്പെട്ട സംഭവത്തില്‍ ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.
അതേസമയം, വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ കിരണ്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാര്‍ഹിക പീഡനകുറ്റങ്ങളും സ്ത്രീധന മരണ കുറ്റവും ചുമത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. കിരണിന്റെ മാതാപിതാക്കളേയും പോലീസ് ചോദ്യം ചെയ്യും. ഒളിവിലായിരുന്ന കിരണ്‍ ശൂരനാട് പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച രാത്രിയോടെയെത്തി കീഴടങ്ങിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വനിതാ കമ്മിഷന് അംഗം ഷാഹിദ കമാല്‍ കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള കേസ് കിരണിനെതിരെ ചുമത്തുമെന്നാണ് സൂചന. കിരണിന്റെ ബന്ധുക്കളേയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യം. വിസ്മയയുടെ മരണം കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്. വിസ്മയയുടെ മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ന് പോലീസിന് ലഭിക്കും. വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്നാണ് പോലീസ് നിലപാട്. വിസ്മയയുടെ നിലമേലിലെ വീട്ടില്‍ വനിത കമ്മിഷന് അംഗം ഷാഹിദ കമാല്‍ ഇന്ന് സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: