ആലപ്പുഴ: ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വിനിയോഗത്തില്‍ വീഴ്ച സംഭവിച്ചതായി ആക്ഷേപം. ദേശീയ ആരോഗ്യദൗത്യ(എന്‍എച്ച്എം)ത്തിലെ ഫണ്ടുവിനിയോഗം സംബന്ധിച്ചാണ് ആക്ഷേപം ഉയരുന്നത്. ആലപ്പുഴ ജില്ലയില്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച് ഓഡിറ്റ് പോലും നടത്തിയിട്ടില്ലെന്നാണ് വിമര്‍ശനം. മറ്റു പല ജില്ലകളിലേയും അവസ്ഥ ഇതുതന്നെയാണെന്നാണ് വിവരം.
എന്നാല്‍ കൊവിഡ് കാരണമാണ് ഓഡിറ്റ് നടത്താന്‍ കഴിയാതിരുന്നതാണ് അധികൃതരുടെ വിശദീകരണം. ചെലവഴിക്കാത്ത പണം തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ചതോടെയാണ് കഴിഞ്ഞ വര്‍ഷം ചെലവിട്ട പണത്തിന്റെ ഓഡിറ്റ് ഇതുവരെ നടന്നില്ലെന്ന വിവരം പുറത്തറിയുന്നത്. ആരോഗ്യമേഖലയ്ക്കായി എന്‍എച്ച്എം വഴി കേന്ദ്രം അനുവദിക്കുന്ന തുക ചെലവഴിക്കുന്നതില്‍ പലപ്പോഴും വീഴ്ച വരാറുണ്ട്. ഇതിനു പരിഹാരമായി ഏക അക്കൗണ്ട് സംവിധാനം
കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ചെലവഴിക്കാത്ത ഫണ്ടുകള്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശിച്ചത്. വിവിധ സാമ്പത്തികവര്‍ഷങ്ങളില്‍ അനുവദിച്ച തുകവരെ ചെലവഴിക്കാത്ത ആശുപത്രികളുണ്ട്.
എന്‍എച്ച്എം ജില്ലാ ഓഫീസില്‍നിന്ന് വിവിധ സ്കീമുകളില്‍ ആശുപത്രികള്‍ക്ക് പണമനുവദിക്കാറുണ്ട്. എന്നാല്‍, ഏതുപദ്ധതിക്കാണ് പണമനുവദിക്കുന്നതെന്ന് പലപ്പോഴും ഇനം തിരിച്ച് അറിയിപ്പുനല്കാറില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. അതിനാല്‍, ചെലവഴിച്ചതും ചെലവഴിക്കാത്തതുമായ പണം ഏതു സ്കീമില്‍ ഉള്‍പ്പെട്ടതാണെന്ന് ആശുപത്രി അധികൃതര്‍ക്ക് വ്യക്തതയില്ല. ഇതിനാല്‍ ചെലവഴിക്കാത്ത പണം തിരിച്ചടയ്ക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരിക്കുകയാണ്. ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ ഈ പ്രശ്നങ്ങളുണ്ടാകുമായിരുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ഓരോ സ്കീമിനും അനുവദിച്ച തുക ഇനം തിരിച്ചാണ് ആശുപത്രികള്‍ക്ക് ഇ-മെയില്‍ വഴി നല്‍കാറുള്ളത്. ഇവ പരിശോധിക്കുന്നതിലുണ്ടായ വിഴ്ചയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അധികൃതര്‍ ന്യായീകരിക്കുന്നു. എന്‍എച്ച്എമ്മില്‍ ഓരോ സാമ്പത്തികവര്‍ഷവും ഓഡിറ്റ് നടത്തണമെന്നാണ് വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: