എരുമേലി: എരുമേലി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍പ്പെട്ട എരുമേലി വടക്ക് വില്ലേജില്‍ മുണ്ടക്കയം കരിനിലം മേഖലയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തേക്ക് തടികള്‍ മുറിച്ചുകടത്തി. വനംവകുപ്പിന് ലഭിച്ച ആറ് പാസുകളില്‍ നിന്നായി 21 തേക്ക് മരങ്ങളാണ് മുറിച്ച് കടത്തിയത്. മുട്ടില്‍ വനംകൊള്ളയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എരുമേലി, വണ്ടംപതാല്‍ അടക്കം വിവിധ ഫോറസ്റ്റ് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കരിനിലം മേഖലയില്‍ നിന്നും മരങ്ങള്‍ മുറിച്ചതായി കണ്ടെത്തിയത്.
എന്നാല്‍ വനംവകുപ്പിന് ലഭിച്ചിട്ടുള്ള ആറ് അപേക്ഷകളില്‍ ഒരു അപേക്ഷ എല്‍എ പട്ടയം അല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു അപേക്ഷയില്‍ മൂന്ന് മുന്നാധാരങ്ങള്‍ പരിശോധിച്ചതില്‍ എല്‍എ പട്ടയമാണെന്ന് കണ്ടെത്തിയിട്ടില്ല. ഇത് സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് വകുപ്പ്. എന്നാല്‍ മരം മുറിക്കുന്നത് സംബന്ധിച്ച് വില്ലേജ് ഓഫീസില്‍ നിന്നും ലഭിച്ച രേഖകളുടെ മറവില്‍ വനംവകുപ്പ് അറിയാതെ കൂടുതല്‍ മരങ്ങള്‍ മുറിച്ചു കടത്തിയതായാണ് വിവരം.
വില്ലേജ് ഓഫീസുകളില്‍ നിന്നും ലഭിക്കുന്ന പല രേഖകളിലും എല്‍എ പട്ടയമാണോ അല്ലയോയെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വനംവകുപ്പ് പറയുന്നത്. വില്ലേജില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്താതെയാണ് വനംവകുപ്പ് മരം മുറിക്കാന്‍ അനുമതി നല്‍കിയതെന്ന് വാദവും ഇതോടെ ശക്തമാകുകയാണ്. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ വനമേഖലയാണ് എരുമേലി റേഞ്ച് ഓഫീസ്. ശബരിമല വനാതിര്‍ത്തിയോട് ചേര്ന്നതടക്കംവലിയ വനഭൂമിയാണ് ഇതിന്റെ പരിധിയില്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: