ആലപ്പുഴ: ലോക്ഡൗണ്‍ അവസാനിച്ചിട്ടും സ്‌കൂള്‍ അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കത്തത് അദ്ധ്യയനത്തെ ബാധിക്കുന്നു. പുതിയ അധ്യയന വര്‍ഷത്തിലെ പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും അദ്ധ്യാപകരില്‍ പലരും കോവിഡ് ഡ്യൂട്ടികളിലാണ്.
സ്‌കൂള്‍ അധ്യാപകരില്‍ ഏറെ പേരെ മാസങ്ങളായി വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചു വരികയാണ്. ജൂണ്‍ ഒന്നിന് സ്കൂള്‍ ക്ലാസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞുവെങ്കിലും കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഇനിയും അധ്യാപകരെ ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. സ്‌കൂള്‍ അഡ്മിഷന്‍, പ്രൊമോഷന്‍, പഠന മികവു രേഖ തയ്യാറാക്കല്‍, സമ്പൂര്‍ണ്ണ, ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കല്‍, പാഠ പുസ്തക വിതരണം, ഭക്ഷ്യ കിറ്റ് വിതരണം തുടങ്ങി നിരവധി കാര്യങ്ങള്‍ അധ്യാപകര്‍ക്ക് ചെയ്യേണ്ടതുണ്ട്.
ഒപ്പം കുട്ടികളുമായും രക്ഷിതാക്കളുമായും നിരന്തരമായി ബന്ധപ്പെടേണ്ടതും ആവശ്യമാണ്. എന്നാല്‍ പഠന പ്രവര്‍ത്തനങ്ങളാരംഭിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അധ്യാപകരെ മറ്റു ജോലികളില്‍ നിന്നും ഒഴിവാക്കാത്ത സാഹചര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ എങ്ങിനെ കാര്യക്ഷമമായി ചെയ്യുമെന്നാണ് അദ്ധ്യാപകര്‍ ചോദിക്കുന്നത്.
കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നത് തന്നെ ഒട്ടും മാനുഷിക പരിഗണനകള്‍ കൂടാതെയാണ് എന്ന ആക്ഷേപവുമുണ്ട്. നിരന്തരം ഒരേ ആളുകള്‍ തന്നെ രാത്രി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നു. രാത്രി എട്ടു മുതല്‍ രാവിലെ 8 മണി വരെ മാസങ്ങള്‍ ചിലര്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നു എന്ന പരാതി നിലനില്‍ക്കുന്നുണ്ട്.
പലര്‍ക്കും ലഭിച്ച ഉത്തരവ് എത്ര കാലത്തേക്ക്എന്നു പോലും വ്യക്തമല്ല. സ്‌കൂള്‍ ജോലിയില്‍ നിന്ന് ഈ അധ്യാപകരെ റിലീവ് ചെയ്യാത്തത് കാരണം ഇവര്‍ ഇരട്ട ഡ്യൂട്ടി ചെയ്യേണ്ടി വരികയാണ്. റിലീവ് ചെയ്യാന്‍ ഉത്തരവിലോ ബന്ധപ്പെട്ടവരില്‍ നിന്നോ നിര്‍ദ്ദേശമില്ലെന്ന കാരണം പറഞ്ഞ് സ്‌കൂള്‍ ജോലിയില്‍ നിന്നും വിടുതല്‍ നല്‍കാന്‍ പ്രധാന അധ്യാപകര്‍ തയ്യാറാകുന്നില്ല.
അധ്യാപകരെ ഇനിയും കോവിഡ് ജോലിക്ക് നിയോഗിക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍ സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: