എപ്പോഴാണൊരു മോചനം എന്നതിന് ഉത്തരം തരാതെ പടരുകയാണ് മഹാമാരി. ശരീരത്തിനെന്നപോലെ മനസ്സിനും അതിജീവനവും പ്രതിരോധവും അനിവാര്യമായ കാലം.
രോഗങ്ങള്‍ തത്വത്തില്‍ രണ്ടു തരമാണ്. ആധിയും വ്യാധിയും. മനസ്സിനെ ബാധിക്കുന്നത് ആധി. ശരീരത്തെ വലയ്ക്കുന്നത് വ്യാധി. ആധിവ്യാധികള്‍ ജീവിതതാളത്തിന്റെ തുലനം തെറ്റിക്കുന്നിടത്താണ് യോഗയുടെ പ്രാധാന്യമറിയുന്നത്.
മനുഷ്യനിലെ ചൈതന്യശക്തിയെ ഉത്തേജിപ്പിച്ച് പൂര്‍ണതയിലേക്ക് നയിക്കുന്ന ജീവിതചര്യയാണ് യോഗ. മാനസികവും ശാരീരികവും ആത്മീയവുമായ സ്വാസ്ഥ്യത്തിന് ഋഷിവര്യന്മാര് രൂപപ്പെടുത്തിയ സാധന. ആദിയോഗിയുടെ ശിഷ്യന്മാരായ സപ്തര്‍ഷികളാണ് യോഗയുടെ പ്രചാരകരെന്ന് പുരാണങ്ങള്‍ പറയുന്നു.
മതമോ, ഭാഷയോ ഒന്നും യോഗ അഭ്യസിക്കുന്നതിന് തടസ്സമാകുന്നില്ല. ഭാരതത്തിലൊതുങ്ങാതെ ആഗോളതലത്തില്‍ യോഗയ്ക്ക് ഇത്രയേറെ ച്രചാരം ലഭിച്ചതും അതുകൊണ്ടാവാം.
കായികാധ്വാനം കുറഞ്ഞതോടെയാണ് പുതുതലമുറയ്ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കൂടിയത്. വ്യായാമം പോലും ഇല്ലാതായതോടെ അനാരോഗ്യത്തിന് ആക്കം കൂടി. ഈയൊരു അവസ്ഥ യോഗാഭ്യസത്തിലൂടെ മറികടക്കാവുന്നതേയുള്ളൂ. അതിന് യോഗയിലെ ബാലപാഠങ്ങളെങ്കിലും ശീലമാക്കണം.
യോഗാസനങ്ങളോരോന്നും ശരീരത്തിലെ അവയവങ്ങളെ ആരോഗ്യമുള്ളതാക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയവങ്ങളെ പ്രത്യേകിച്ചും. പെട്ടെന്നൊരു നാള് പഠിച്ചെടുക്കാവുന്നതല്ല യോഗ. അതിന്റെ പ്രാഥമിക പാഠങ്ങളറിഞ്ഞ് ശരീരത്തിന് അയവുവരുത്തിയ ശേഷമേ മറ്റുള്ളവയിലേക്ക് പ്രവേശിക്കാവൂ. പ്രഥമം, മധ്യമം, ഉത്തമം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി യോഗാപഠനത്തെ കാണണം. കായികാധ്വാനമില്ലാതെ ലളിതമായി, കൃത്യമായ ഇടവേളകളെടുത്ത് അഭ്യസിക്കുന്നതിനാല്‍ യോഗ ശരീരത്തെ തളര്‍ത്തുന്നില്ല.
മനസ്സിനെ ദൃഢപ്പെടുത്താന്‍ യോഗയേക്കാള്‍ മികച്ചൊരു പ്രയോഗിക പദ്ധതിയില്ല. യോഗയിലൂടെ മനസ്സ് ശുദ്ധീകരിക്കപ്പെടുകയാണ്. അതോടെ രോഗഭീതിയകലും. രോഗത്തെ ചെറുക്കാനുള്ള ശക്തി മനസ്സിന് കൈവരും. ഔഷധസേവ നിര്‍ത്തി ആരോഗ്യം വീണ്ടെടുക്കാനാവും.
പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ വരുതിയിലാക്കാനും യോഗ മതി. പ്രാണായാമവും യോഗനിദ്രയും ധ്യാനവുമെല്ലാം പതിവാക്കുക. പാതിയില്‍ നിര്‍ത്തരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: