കാസർകോട് : പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളുടെ ഭാര്യമാർക്ക് അനധികൃതമായി ജില്ലാ ആശുപത്രിയിൽ ജോലി നൽകിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. മാർച്ച് നടത്തി. ജില്ലാ ആശുപത്രിയിലേക്ക് നടന്ന മാർച്ച് പോലീസ് തടഞ്ഞു.
ജോലി നൽകുന്നതിന് തങ്ങൾ എതിരല്ലെന്നും അത് നിയമാനുസൃതമായ മാർഗ്ഗത്തിലൂടെയാകണം എന്നും മാർച്ച് ഉദ്ഘാടനം ചെയ്ത് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി വേലായുധൻ കൊടവലം പറഞ്ഞു. . പരിപാടിയിൽ യുവമോർച്ചാ ജില്ലാ സെക്രട്ടറി സാഗർ ചാത്തമത്ത് അദ്ധ്യക്ഷനായി.
സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗവും കൊലക്കേസിലെ പ്രധാന പ്രതിയുമായ എ. പീതാംബരന്റെ ഭാര്യ അടക്കമുള്ളവർക്കാണ് സ്വീപ്പർ തസ്തികയിലേക്ക് നിയമ വിരുദ്ധമായി നിയമനം നൽകിയത്. നാല് പേരുടെ ഒഴിവായിരുന്നു ആശുപത്രിയിൽ ഉണ്ടായിരുന്നത്. ഇതിൽ മൂന്ന് ഒഴിവുകളിലും പ്രതികളുടെ ഭാര്യമാർക്കാണ് നിയമനം നൽകിയിരിക്കുന്നത്. നിയമനത്തിന് ശേഷമാണ് വിവരം പുറത്തുവന്നത്. അത്രയ്ക്ക് അതീവരഹസ്യമായിട്ടായിരുന്നു നിയമനം.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ഇതിനിടെ കെപിസിസി പ്രസിഡന്റ് സുധാകരനും ഫാദേഴ്സ് ഡേ കൂടിയായ ഞായറാഴ്ച ഫേസ്ബുക്ക് പേജില്‍ നല്കിയ കുറിപ്പില്‍ പരോക്ഷമായി പെരിയ കൊലപാതകികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയതിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ത്തി. പെരിയയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലയാളികളായ സിപിഎംപ്രവര്‍ത്തകരുടെ ഭാര്യമാര്‍ക്ക് ജോലി നല്കിയ സംഭവത്തെയാണ് സുധാകരന് ഈ പോസ്റ്റിലൂടെ വിമര്‍ശിച്ചത്.
‘നിരപരാധികളായ സ്വന്തം ആണ്മക്കള്ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടി വന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്. കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികള്‍ക്ക് ഭരണകൂടം പ്രത്യുപകാരങ്ങള്‍ നല്‍കുന്നത് കണ്ട്നില്ക്കേണ്ടിവരുന്ന അച്ഛന്മാര്. അവരെയൊക്കെയും ഈ പിതൃദിനത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് വെയ്ക്കുന്നു’- സുധാകരന് ഫേസ് ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: