ബെംഗളൂരു: ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ മുന്‍ തമിഴ്നാട് മന്ത്രിയും, എ.ഐ.ഡി.എം.കെ നേതാവുമായ എം മണികണ്ഠന് ബെംഗളൂരുവില്‍ അറസ്റ്റിലായി. തമിഴ് സിനിമ നടിയും മലേഷ്യന്‍ വംശജയുമായ യുവതിയെ വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ അടയാര്‍ വനിത പോലീസ് സ്റ്റേഷനിലാണ് മന്ത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തതിനെ തുടര്‍ന്നാണ് ഒളിവില്‍ പോയത്. ചെന്നൈ സിറ്റി പോലീസിന്റെ പ്രത്യേക സംഘം രാവിലെയോടെയാണ് മുന്‍ മന്ത്രിയെ ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്.
2017 ലാണ് ഇദ്ദേഹം യുവതിയെ പരിചയപ്പെടുന്നത്. മലേഷ്യയിലെ തന്റെ ബിസിനസ് പങ്കാളിയാക്കാമെന്നു യുവതിയെ വിശ്വസിപ്പിക്കുകയും, വിവാഹ വാഗ്ദാനം നല്കി അഞ്ച് വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായും ഇവര്‍ നല്കിയ പരാതിയില്‍ വിശദീകരിച്ചു.
ഇരുവരും ഒന്നിച്ചു താമസിക്കവേ, യുവതി മൂന്ന് തവണ ഗര്‍ഭ ഛിദ്രം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മുന്‍ മന്ത്രിയുടെ പ്രേരണ പ്രകാരമായിരുന്നുവെന്നും, സംഭവം പുറത്ത് പറയാതിരിക്കാന്‍ തന്നെയും, കുടുംബത്തെയും കൊല്ലുമെന്ന് മണികണ്ഠന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി ആരോപിച്ചു. 2016, 2019 വര്‍ഷങ്ങളില്‍ രാമനാഥപുരം മണ്ഡലത്തില്‍ നിന്നുമാണ് മണികണ്ഠന് തമിഴ്നാട് നിയമസഭയിലെത്തിയത്. ഐടി വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹത്തെ ട്രാന്സിഷന് വാറന്റ് ലഭിച്ചാലുടന്‍ ചെന്നൈയില്‍ എത്തിക്കുമെന്ന് തമിഴ് നാട് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: