കൊച്ചി: വിവേകമില്ലാത്ത പ്രായത്തില്‍ ചെയ്തുപോയ അപരാധത്തെ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മഹത്വമായാണ് കണക്കാക്കുന്നത്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് അല്പ്പത്തരമാണെന്ന് വിമര്‍ശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.
പരീക്ഷ എഴുതാന്‍ വന്ന സഹപാഠിയെ ഒറ്റ ചവിട്ടിന് താഴെയിട്ടതിന് ശേഷം തന്റെ അനുചരന്മാരെ കൊണ്ട് വളഞ്ഞിട്ട് തല്ലിച്ചത് മഹത്വമായി കരുതുന്ന സുധാകരന്. അദ്ദേഹത്തെ തല്ലി അര്‍ധ നഗ്നനാക്കി കോളേജിലൊക്കെ നെട്ടോട്ടമോടിച്ചു എന്നുപറഞ്ഞ് ആഹ്ലാദിക്കുന്ന പിണറായി വിജയന്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കാലത്ത് ചിലപ്പോള്‍ അടിപിടി ഉണ്ടായി എന്നിരിക്കാം. വിവേകം വരുമ്പോള്‍ ഏതൊരാളും അതിനെ ആത്മ പരിഹാസത്തോടെ കാണാനും അതിന്റെ പേരില്‍ ലജ്ജിക്കാനും തയ്യാറാകും. അടിപിടിയും കത്തിക്കുത്തും അന്‍പത്തി ഒന്ന് വെട്ടുമല്ല രാഷ്ട്രീയമെന്ന് തിരിച്ചറിയാന്‍ ഈ പ്രായത്തില്‍ കഴിയണം.
തന്റെ എതിരാളിയെ എത്ര പ്രാവശ്യം എവ്വിധമെല്ലാം തല്ലി എന്നത് യോഗ്യതയായി കരുതുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡണ്ടാണ് എന്നത് ഇപ്പോഴത്തെ കോണ്‍ഗ്രസുകാര്‍ക്ക് അഭിമാനമായി തോന്നിയിട്ടുണ്ടാകാം. കാരണം ഇപ്പോള്‍ കോണ്‍ഗ്രസുകാരെ ഭരിക്കുന്നതും നയിക്കുന്നതും ഹൈക്കമാന്‍ഡിനോടുള്ള വിധേയത്വവും ഭയവുമാണ്. മാഫിയയെ ഭയക്കുന്നവന് മാത്രമെ ഒറ്റ ചവിട്ടിന് ഒരുത്തനെ വീഴ്ത്തി എന്നത് മഹത്വമായി കരുതുകയുള്ളൂ. അതില്‍ ആഹ്ലാദിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസുകാരെ കുറിച്ച് ഒന്നും പറയുന്നുമില്ല.
ഭീതിയും വിദ്വേഷവും ഇല്ലാതെ നിര്‍ഭയമായി ഭരണഘടന അനുശാസിക്കുന്ന വിധം നിയമം നടപ്പിലാക്കും എന്നും പ്രതിജ്ഞ ചെയ്താണ് ശ്രീ വിജയന് മുഖ്യമന്ത്രിയായി ഭരണമേറ്റത്. പക്ഷേ സുധാകരനോടുള്ള പക വിജയന് ഇപ്പോഴുമുണ്ട് എന്നാണ് വാക്കുകള്‍ സൂചിപ്പിക്കുന്നത്. പക മനസ്സില്‍ സൂക്ഷിക്കുന്നവന് എന്നും ഭയഗ്രസിതനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: