തിരുവനന്തപുരം: ഭീകരര്‍ക്കും രാജ്യവിരുദ്ധര്‍ക്കും കേരളം സുരക്ഷിത താവളമാകാന്‍ കാരണം ഇടത്, വലത് സര്‍ക്കാരുകളുടെ നിലപാടുകളും അനാസ്ഥയും. കേന്ദ്ര ഇന്റലിജന്‍സും വിവിധ സംസ്ഥാനങ്ങളിലെ രഹസ്യാന്വോഷണ വിഭാഗങ്ങളും നല്കിയ മുന്നറിയിപ്പുകള്‍ കേരളത്തിലെ സര്‍ക്കാരുകള്‍ അവഗണിക്കുകയാണ് പതിവ്. ബോംബ് നിര്‍മ്മാണം അടക്കം പരിശീലിക്കാന്‍ കേരളം തെരഞ്ഞെടുക്കുന്നുവെന്ന മുന്നറിയിപ്പുകളിലും നടപടിയെടുത്തില്ല. സ്ഫോടക വസ്തുക്കളും വെടിയുണ്ടകളും തോക്കും അടക്കം കണ്ടെത്തുകയോ തുടര്‍ പരിശോധനകളോ അന്വേഷണങ്ങളോ ഇല്ല.
കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിള ചെക്പോസ്റ്റില്‍ എസ്ഐയെ ഭീകരര്‍ വെടിവച്ച് കൊന്നത് 2020 ജനുവരിയിലാണ്. അതിനു മൂന്ന് മാസം മുമ്പ് തമിഴ് നാട് ക്യൂബ്രാഞ്ച് സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീകര സംഘടനകളുമായി ബന്ധമുള്ള തമിഴ്നാട്ടുകാര്‍ കേരളത്തിലേക്ക് കടന്നുവെന്ന് അവരുടെ ചിത്രം സഹിതം ആയിരുന്നു മുന്നറിയിപ്പ്. ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണം ഉണ്ടാകാമെന്ന് കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് നല്കി. എന്നാല്‍ ആക്രമണം നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് മാത്രമാണ് സംസ്ഥാന പോലീസ് നടപടി തുടങ്ങിയത്.
തമിഴ്നാട്ടിലെ മുസ്ലിം ഭീകര സംഘടനയായ അല്‍ ഉമയില് പ്രവര്‍ത്തിച്ചിരുന്നവര്‍ രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് (തമിഴ്നാട്) എന്ന ഭീകര സംഘടനയുടെ ബുദ്ധി കേന്ദ്രമായ സെയ്തലി വിതുരയില്‍ താമസിച്ചത് ഒരു വര്‍ഷത്തോളമാണ്. അവിടെ താമസിച്ചാണ് കളിയിക്കാവിള ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയത്. ആക്രമണത്തിന്ശേഷം തമിഴ്നാട് ക്യുബ്രാഞ്ച് പരിശോധന നടത്തിക്കഴിഞ്ഞാണ് കേരള പോലീസ് വിവരം അറിയുന്നത്. കൂട്ടാളികളായ അഞ്ചുപേരെ കുളത്തൂപ്പുഴ വന മേഖലയിലെ പാലരുവിക്ക് സമീപത്ത് നിന്നും പിടികൂടുകയും ചെയ്തു. കുറച്ച് നാളുകള്‍ക്ക് ശേഷം പാക്കിസ്ഥാന് മുദ്രയുള്ള വെടിയുണ്ടകളും കുളത്തൂപ്പുഴ വന മേഖലയില്‍ നിന്നും കണ്ടെത്തി. എന്നിട്ടും സംസ്ഥാന പോലീസോ ആന്റി ടെററിസ്റ്റ് സ്ക്വാഡോ (എടിഎസ്) തുടര്‍ നിരീക്ഷണം നടത്തിയില്ല.
2018ല്‍ കാസര്‍കോട്ടു നിന്ന് ഐഎസി ലേക്ക് നടത്തിയ റിക്രൂട്ടമെന്റിന് നേതൃത്വം നല്‍കിയവരെ കണ്ടെത്താന്‍ പ്രതേ്യക അന്വേഷണം വേണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് തന്നെ ആവശ്യപ്പെട്ടതാണ്. 2013ല്‍ കോന്നിക്ക് സമീപത്തു നിന്നും സമാനമായ രീതിയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിലും അേന്വഷണം ഉണ്ടായില്ല. കുറ്റിപ്പുറം പാലത്തിനടിയില്‍ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും കണ്ടെത്തിട്ടും അന്വേഷണം നടന്നില്ല. 2017 ജൂണില്‍ പ്രഹരശേഷി കൂടിയ 1000 സെമി ഓട്ടോമാറ്റിക് കൈത്തോക്കുകള്‍ സംസ്ഥാനത്തേക്ക് കടത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിലും നടപടിയുണ്ടായില്ല.
കഴിഞ്ഞ ദിവസം പാടം, കോന്നി വനമേഖലയില്‍ നിന്നും സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതാണ് ഒടുവിലത്തെ സംഭവം. ജനുവരിയില്‍ കൊല്ലം, പത്തനംതിട്ട അതിര്‍ത്തിയിലെ വനമേഖല കേന്ദ്രീകരിച്ച് തീവ്രവാദ പരിശീലനം നടന്നതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും തമിഴ്നാട് ക്യു ബ്രാഞ്ചും സംസ്ഥാന പോലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏഴ് മാസം മുമ്പ് പന്തളം സ്വദേശിയെ യുപി പോലീസ് ഭീകര പ്രവര്‍ത്തനത്തിന് പിടികൂടിയതോടെയാണ് ഈ വിവരം പുറത്ത് വന്നത്. തട്ടാക്കുടി, പാടം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ആയുധപരിശീലനം ഉള്‍പ്പെടെയുള്ള ക്യാമ്പ് നടന്നതായാണ് വിവരം ലഭിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പില്‍ പങ്കെടുത്തിട്ടുണ്ട്. ഈ വിവരം അടക്കം നല്‍കിയിട്ടും സംസ്ഥാനം ഗൗരവമായി എടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: