ലഖ്നോ : കോവിഡ് ബാധ മൂലം മാതാപിതാക്കളെയോ നിയമപരമായുള്ള രക്ഷിതാവിനെയോ കുടുംബത്തിലെ വരുമാനസ്രോതസ്സോ നഷ്ടമാവുക വഴി അനാഥരായ കുട്ടികൾക്ക് പ്രതിമാസധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് 18 വയസ് തികയുന്നത് വരെ പ്രതിമാസം 4000 രൂപ വീതം ഉത്തര്‍പ്രദേശ് സർക്കാർ നൽകും.
മുഖ്യമന്ത്രി ബാൽ സേവ യോജന പദ്ധതിയുടെ ഭാഗമായാണ് ധനസഹായം നല്‍കുന്നത്. “ഖോരക്പൂരിൽ മാത്രം ആറ് കുട്ടികള്‍ മാതാപിതാക്കളില്‍ ഒരാളെയെങ്കിലും നഷ്ടമാവുക വഴി അനാഥരായി. 174 കുട്ടികളെങ്കിലും കുടുംബത്തിലേക്ക് വരുമാനം കൊണ്ടുവരുന്ന വ്യക്തിയെ നഷ്ടമാവുക വഴി അനാഥരായി. ഇവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും,” യോഗി ആദിത്യനാഥ് പറഞ്ഞു.
ഇത്തരത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ നടപടിയെടുത്തിട്ടുണ്ട്. 18 വയസിന് മുകളിൽ പ്രായമുള്ളവർക്കും സൗജന്യ വിദ്യാഭ്യാസം നൽകും. ടെക്‌നിക്കൽ കോഴ്‌സുകൾ ചെയ്യുന്ന കുട്ടികളുടെ പഠന ആവശ്യങ്ങൾക്കായി ടാബ്‌ലെറ്റ് സൗജന്യമായി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടമാവുകയോ നിയമപരമായുള്ള രക്ഷിതാവിനെ നഷ്ടമാവുകയോ വഴി അനാഥരാവുന്ന കുട്ടികള്‍ക്ക് മറ്റ് ചില സഹായപദ്ധതികള്‍ കൂടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: