ന്യൂദല്‍ഹി: ഹരിയാന സ്വദേശിയെ തീകൊളുത്തി ഒരു ദിവസം പിന്നിടുമ്പോള്‍, മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഇടനിലക്കാരുടെ സമരത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചതായും ബഹദുര്‍ഗര്‍ഹ് സ്റ്റേഷന് ഹൗസ് ഓഫിസര്‍(എസ്എച്ച്ഒ). ‘ടൈംസ് നൗ’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 42-കാരനായ മുകേഷ് ആണ് സംഭവത്തില്‍ മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളുടെ ദേഹത്ത് നാലുപേര്‍ ചേര്‍ന്ന് ഇന്ധനം ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. നാലുപേര്‍ക്കൊപ്പം മദ്യപിക്കാനാണ് മുകേഷ് പ്രതിഷേധം നടക്കുന്ന സ്ഥലത്ത് എത്തിയതെന്ന് ബഹദുര്‍ഗര്‍ഹ്, സെക്ടര്‍ ആറ് എസ്എച്ച്ഒ ഇന്‍സ്പെക്ടര്‍ ജയ് ഭഗ്വന് അറിയിച്ചു.
നാലുപേരുമായി മുകേഷ് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പ്രതി എന്തോ ഒന്ന് ശരീരത്തിലേക്ക് ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. മുകേഷിന്റെ ജീവന് രക്ഷിക്കാനായി ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ദല്‍ഹിക്ക് സമീപമുള്ള തിക്രി അതിര്‍ത്തിയില്‍ ഇടനിലക്കാരുടെ സമരത്തില്‍ പങ്കെടക്കുന്നവരാണ് നാലുപേരുമെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം ആരോപിച്ചിരുന്നു. മുഖ്യപ്രതിയായ കൃഷ്ണ ഹരിയാനയിലെ ജിന്ദ് സ്വദേശിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
എന്നാല്‍ മുകേഷ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് സംയുക്ത് കിസാന്‍ മോര്‍ച്ച(എസ്എകെഎം)യുടെ അവകാശവാദം. വീട്ടിലെ പ്രശ്നങ്ങള്‍മൂലം ആത്മഹത്യ ചെയ്യുന്നുവെന്ന് പറയുന്ന വീഡിയോ എസ്കെഎം പുറത്തുവിട്ടുവെങ്കിലും അത് വ്യാജമെന്ന് കുടുംബം വ്യക്തമാക്കുന്നു. മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്ന ആരോപണവും ബന്ധുക്കള്‍ തള്ളി.
പ്രതിഷേധക്കാരോട് വലിയ എതിര്‍പ്പാണ് തിക്രിയിലെ പ്രദേശവാസികള്‍ക്കുള്ളത്. നിരത്തില്‍നിന്ന് സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ഭരണകൂടത്തിന് ഇവര്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. നടപടിയെടുത്തില്ലെങ്കില്‍ തങ്ങള്‍ ഒഴിപ്പിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. മുകേഷിന്റെ മരണത്തില്‍ കുടുംബത്തിനൊപ്പം പ്രദേശവാസികളും പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: