തൃശൂര്‍: മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ അന്തിമമാണ് എന്ന വാദം ബാലിശമാണന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ വ്യക്തമാക്കി.
ജനങ്ങളെ ബാധിക്കുന്ന തീരുമാനങ്ങള്‍ മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടെങ്കില്‍ തിരുത്തുക തന്നെ വേണം. ഇത് ആവശ്യപ്പെടാനുള്ള എല്ലാ അധികാരവും കോര്പ്പറേഷന് കൗണ്‍സിലില്‍ നിക്ഷിപ്തമാണ്. ഈ അധികാരം വിനിയോഗിക്കുകയാണ് വേണ്ടത്. ഇതിനായി മാസ്റ്റര്‍പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിക്കണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
1975ലെ ഡിടിപി സ്കീം പ്രകാരമുള്ള പ്ലാനുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്നതിന് വ്യക്തതയില്ല. അങ്ങനെയെങ്കില്‍ ഫലത്തില്‍ രണ്ട് പ്ലാനുകള്‍ നഗരത്തില്‍ നില്‍ക്കുന്നുണ്ട്. ഈ അവ്യക്തത മാറ്റണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് വിനോദ് പൊള്ളഞ്ചേരി ആവശ്യപ്പെട്ടു. മാസ്റ്റര്‍പ്ലാനിലെ ന്യൂനതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ടൗണ്‍ പ്ലാനര്‍ തൃശൂര്‍ കോര്പ്പറേഷന് അയച്ച കത്ത് അവഗണിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് മൂലകാരണമെന്ന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. ഏത് വിധേനയും മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നേടുക എന്നത് മാത്രമായിരുന്നു കോര്പ്പറേഷന് ഇടത് ഭരണ നേതൃത്വത്തിന്റെ മുന്നിലുള്ള ഏക അജണ്ട. ഇതിന് സംസ്ഥാന ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് മാസ്റ്റര്‍പ്ലാനിന് അംഗീകാരം നേടിയെടുക്കുകയായിരുന്നു.
മാസ്റ്റര്‍പ്ലാനിലെ ക്രമക്കേടുകളും ന്യൂനതകളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം മേയര്‍ക്ക് കത്ത് നല്കി. നിരവധി പരാതികള്‍ ഉയരുന്നതിനാല്‍ വിശദമായ ചര്‍ച്ച നടത്തുമെന്ന് മേയര്‍ പറഞ്ഞു. സ്പെഷ്യല്‍ കൗണ്‍സില്‍ ചേരുമെന്നും മേയര്‍ ഉറപ്പു നല്കി. സപ്ലിമെന്ററി അജണ്ട ഉള്‍പ്പെടെ 48 അജണ്ടകള്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.
സേവാഗ്രാമം സ്ഥാപിക്കും
കോര്‍പ്പറേഷന്റെ 55 ഡിവിഷനുകളിലും കൗണ്‍സിലര്‍മാര്‍ക്ക് ആസ്ഥാന ഓഫീസായി സേവാഗ്രാമം ആരംഭിക്കാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പ്രാദേശിക ഭരണസംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രതിവര്‍ഷം വാടക, സ്റ്റേഷനറി, ഇവിടെവെച്ച് ചേരുന്ന യോഗത്തിന്റെ ചെലവിലേക്ക് എന്നിവയിലേക്കായി 50,000/ രൂപ വരെ വികസന ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ സാധിക്കും. സേവാഗ്രാമം വഴി സേവനം നല്‍കുന്നതിന് ഡിവിഷനില്‍ നിന്നും ഒരാളെ താല്‍ക്കാലികമായി നിയമിക്കും. ഇവിടെ നിയമിക്കുന്ന സ്റ്റാഫിന് വേതനം നല്കുന്നതിനു വ്യവസ്ഥയില്ലാത്തതിനാല്‍ ഓഫീസ് സ്റ്റാഫിന്റെ താല്‍ക്കാലിക നിയമന അംഗീകാരത്തിനായി പ്ലാനിങ്ങ് ബോര്‍ഡിലേക്ക് കത്തയച്ച് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: