ശാസ്താംകോട്ട: വൈദ്യുതി എത്താത്തതിനാല്‍ പഠനം വഴിമുട്ടി ദേവചിത്രയും ധനലക്ഷ്മിയും. അപേക്ഷ നല്കി മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ പട്ടികജാതി കുടുംബത്തിന് വൈദ്യുതിയെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തില്‍ ജീവിതം തള്ളിനീക്കുന്ന ഈ കുടുംബത്തിന്റെ സ്ഥിതി ദയനീയമാണ്.
മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതോടെ വിളക്കില്‍ കരിന്തിരി എരിയുകയാണ്. പടിഞ്ഞാറെ കല്ലട വലിയപാടം മിത്രാഭവനില്‍ സനലിന്റെ കുടുംബമാണ് വൈദ്യുതിക്കായുള്ള കാത്തിരിപ്പ് തുടരുന്നത്. മക്കളായ ദേവചിത്ര ആറാം ക്ലാസിലും ധനലക്ഷ്മി രണ്ടാം ക്ലാസിലുമാണ്. വലിയപാടം ഗവ. സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വൈദ്യുതിയില്ലാത്തത് തടസ്സമായി. എട്ടുമാസമായി അയല്‍വീടുകളില്‍ ചെന്നാണ് ചാര്‍ജ് ചെയ്യുന്നത്. കൂട്ടുകാരോടു ചോദിച്ച് നോട്ടുബുക്കില്‍ എഴുതിയെടുത്ത് മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിലാണ് എട്ടുമാസമായി ഇരുവരുടെയും പഠനം. ഈ കുടുംബത്തിന്റെ ദയനീയ അവസ്ഥ പല തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയില്‍പെടുത്തിയതാണ്. എന്നാല്‍ ഈ പട്ടികജാതി കുടുംബത്തിന് കൈത്താക്കാന് ചുമതലപ്പെട്ട പഞ്ചായത്ത് സമിതി ഇക്കാര്യത്തില്‍ മൗനത്തിലാണ്.
തടസ്സം ഇങ്ങനെ
ചെറിയ കൂരവെച്ച് ഈ കുടുംബം മാറിത്താമസമായിട്ട് എട്ടുമാസമായി. വീടിനു നമ്പര്‍ കിട്ടിയശേഷം വൈദ്യുത കണക്ഷന് അപേക്ഷ നല്കി. വീട്ടിലേക്ക് നടവഴി മാത്രമാണുള്ളത്. അതിലൂടെ ലൈന്‍ വലിക്കുന്നത് സമീപവാസി തുടക്കത്തിലെ എതിര്‍ത്തു. പിന്നീട് സമ്മതമറിയിച്ചു. ഇതിനിടയില്‍ ഇദ്ദേഹത്തിന്റെ പുരയിടത്തിലൂടെ പോകുന്ന മറ്റൊരു ലൈന്‍ നടവഴിയിലൂടെ മാറ്റിനല്‍കണമെന്ന നിബന്ധന വച്ചു. പ്രശ്നത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് മാറ്റിനല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ ചെലവ് പഞ്ചായത്ത് ഫണ്ടില്‍നിന്നു വേണമായിരുന്നു. ഇതോടെ സി പി എം നേതാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും തടിയൂരി. നിലവിലെ വഴിയിലൂടെ വൈദ്യുതി എത്തിക്കാനണ്ടും കഴിയുന്നില്ല. ഈ കുടുംബത്തിന് വൈദ്യുതി നല്കാന് തങ്ങള്‍ എല്ലാ നടപടികളും പണ്ടൂര്ത്തിയാക്കിയതാണെന്ന് വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും പറയുന്നു. എന്നാല്‍ ജനപ്രതിനിധികളുടെ നിസഹകരണമാണ് മുടക്കമായി നില്‍ക്കുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: