ചെന്നൈ: ശ്രീലങ്കയില്‍ നിന്നും ആയുധങ്ങള്‍ നിറച്ച ബോട്ടുകള്‍ ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തമിഴ്നാട്ടിലെയും കേരളത്തിലെയും തീരങ്ങളില്‍ സുരക്ഷ കര്‍ശനമാക്കി. ശ്രീലങ്കയില്‍ നിന്നുള്ള സായുധ സംഘങ്ങള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ശ്രീലങ്കയില്‍ നിന്നുള്ള ബോട്ടുകള്‍ രാമേശ്വരം തീരത്തേക്ക് പുറപ്പെട്ടുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട് തീരത്ത് സുരക്ഷ കര്‍ശനമാക്കി. കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് പൊലീസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിലും സുരക്ഷ ശക്തമാക്കി. ഇപ്പോള്‍ കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് സുരക്ഷാസേനയെ ശക്തമായ നിരീക്ഷണം നടത്തുന്നത്. തീരദേശങ്ങളിലേക്ക് നയിക്കുന്ന പ്രധാന റോഡുകളില്‍ ആയുധധാരികളായ പൊലീസുകാരെ വിന്യസിച്ചതായി ചെന്നൈ പൊലീസ് ആസ്ഥാനത്തെ ഒരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന് പറഞ്ഞു.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചിലരെ ഇന്ത്യന്‍ തീരത്ത് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അന്താരാഷ്ട്രബന്ധങ്ങളുള്ള ഒരു മയക്കമരുന്ന് മാഫിയാസംഘത്തെയും പിടികൂടിയിരുന്നു. ഇവരുമായി ബന്ധമുള്ളവരാണോ ആയുധങ്ങളുമായി ബോട്ടുകളില്‍ എത്തുന്നതെന്ന് സംശയിക്കപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: