ഇസ്ലാമബാദ്: ‘മാമ്പഴ നയതന്ത്ര’ത്തിന്റ ഭാഗമായി പാക്കിസ്ഥാന് 32-ലധികം രാജ്യങ്ങളുടെ തലവന്മാര്ക്ക് കയറ്റി അയച്ച മാമ്പഴങ്ങള്‍ യുഎസും ചൈനയും ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ സ്വീകരിച്ചില്ല. ബുധനാഴ്ചയാണ് പാക്കിസ്ഥാന് വിദേശകാര്യ ഓഫിസ്(എഫ്ഒ) പഴങ്ങള്‍ കയറ്റി അയച്ചത്. പക്ഷെ ഉപഹാരം കൈപ്പറ്റാന്‍ യുഎസും ചൈനയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിസമ്മതിക്കുകയായിരുന്നു. കൊറൊണ വൈറസ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
പ്രസിഡന്റ് ഡോ. ആരിഫ് അല്‍വിക്കുവേണ്ടിയാണ് 32 രാജ്യങ്ങളുടെ/സര്‍ക്കാരുകളുടെ തലവന്മാര്ക്ക് ‘ചൗന്‍സ മാമ്പഴങ്ങള്‍’ അയച്ചതെന്ന് ‘ദി ന്യൂസ് ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്, ഗള്‍ഫ് രാജ്യങ്ങള്‍, തുര്‍ക്കി, യുകെ, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, റഷ്യ എന്നിവര്‍ക്കും മാമ്പഴപ്പെട്ടികള്‍ നല്‍കിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണിനെയും എഫ്ഒ പട്ടികയില്‍ പെടുത്തിയിരുന്നുവെങ്കിലും പാക്കിസ്ഥാന്റെ നടപടിയോട് പ്രതികരിച്ചില്ല.
പാക്കിസ്ഥാന് പ്രസിഡന്റിന്റെ സമ്മാനം സ്വീകരിക്കുന്നതില്‍ ഖേദം പ്രകടിപ്പിച്ചവരില്‍ കാനഡ, നേപ്പാള്‍, ഈജിപ്ത്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമുണ്ടെന്ന് ‘ദി ന്യൂസ് ഇന്റര്‍നാഷണല്‍’ പറയുന്നു. മാമ്പഴ ഇനങ്ങളായ ‘അന്‍വര്‍ റാത്തോള്‍’, ‘സിന്ധരി’ തുടങ്ങിയവയും മുന്‍പ് അയച്ചിരുന്നുവെങ്കിലും ഇത്തവണ രണ്ടും ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: