വാഷിങ്ടണ്‍: അന്താരാഷ്‌ട്ര റിപ്പോര്‍ട്ടിങ് വിഭാഗത്തിൽ ഇന്ത്യന്‍ വംശജ മേഘാ രാജഗോപാലിന് പുലിറ്റ്‌സര്‍ പുരസ്‌കാരം. മുസ്‍ലീം വംശജർക്ക് വേണ്ടി ചൈനീസ് ഭരണകൂടം ഒരുക്കിയ തടങ്കല്‍ പാളയങ്ങളുടെ വിശദാശാംശങ്ങൾ പുറത്തുകൊണ്ടുവന്ന ‘ഷിന്‍ജിയാങ് പരമ്പര’യ്‌ക്കാൻ ഈ അംഗീകാരം. ബസ്ഫീഡ് ന്യൂസിലാണ് മേഘ ജോലി ചെയ്യുന്നത്.
ഉയ്ഗുര്‍, കസാഖികള്‍, മറ്റ് മുസ്‍ലീം ന്യൂനപക്ഷങ്ങളെ എവിടെയൊക്കെയാണ് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തലായിരുന്നു ഓരോ പരമ്പരയും. മാധ്യമപ്രവര്‍ത്തനത്തിന് നല്‍കിവരുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ പുരസ്‌കാരമാണ് പുലിറ്റ്‌സര്‍. 21 വിഭാഗങ്ങളിലായി വര്‍ഷംതോറും നല്‍കിവരുന്നതാണ് പുലിറ്റ്‌സര്‍ പുരസ്‌കാരം. ഓരോ പുരസ്‌കാര വിജയിക്കും 15,000 ഡോളര്‍ സമ്മാനമായി നല്‍കും. പൊതുസേവന വിഭാഗത്തില്‍ ഒരാള്‍ക്ക് സ്വര്‍ണ മെഡല്‍ നല്‍കുകയും ചെയ്യും.
ഷിന്‍ജിയാങ്ങില്‍ 2017 മുതല്‍ മുസ്‌ലിം വംശജരെ പാര്‍പ്പിക്കാനായി കൂറ്റന്‍ തടങ്കല്‍ പാളയങ്ങള്‍ ഉയര്‍ന്നുവന്നതിനെപ്പറ്റിയും തടവുകാരെപ്പറ്റിയുമാണ് മേഘ റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് തടവിലായിരുന്ന ഇരുപത്തഞ്ചോളം പേരെ നേരില്‍ കാണുകയും അവരില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും ചെയ്തു.
ഇക്കാര്യം മേഘ പുറത്തുകൊണ്ടുവരുമ്പോള്‍ അങ്ങനെയൊന്ന് ഇല്ലെന്നായിരുന്നു ചൈനയുടെ പ്രതികരണം. തുടര്‍ന്ന് മേഘയെ വിലക്കാന്‍ ചൈന ശ്രമം നടത്തി. വിസ റദ്ദാക്കുകയും ചൈനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് ആലിസണ്‍ കില്ലിങ്, ക്രിസ്റ്റോ ബുഷെക്ക് എന്നിവരുടെ സഹായത്തോടെ നിരവധി രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നു. കെട്ടിടങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ വിദഗ്ധയാണ് ആലിസണ്‍ കില്ലിങ്. ഡാറ്റ ജേണലിസ്റ്റുകള്‍ക്ക് ടൂള്‍സുകള്‍ തയ്യാറാക്കിക്കൊടുക്കുന്ന പ്രോഗ്രാമറാണ് ക്രിസ്‌റ്റോ.
ഷിന്‍ജിയാങ്ങിലെ ആയിരക്കണക്കിന് സാറ്റലൈറ്റ് ചിത്രങ്ങള്‍ ഇവര്‍ അവലോകനം ചെയ്യുകയും എവിടെയൊക്കെ തടങ്കല്‍ പാളയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ സ്വഭാവം എന്താണെന്നും പുറത്തുകൊണ്ടുവരികയും ചെയ്തു. 260 ല്‍ കൂടുതല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഷിന്‍ജിയാങ്ങിലുണ്ടെന്നാണ് ഒടുവില്‍ മൂവരും ചേര്‍ന്ന് കണ്ടെത്തിയത്. ഇതില്‍ ചില കേന്ദ്രങ്ങള്‍ പതിനായിരത്തില്‍ കൂടുതല്‍ പേരെ പാര്‍പ്പിക്കാന്‍ മാത്രം വലുപ്പമുള്ളതാണ്. പത്തു ലക്ഷം പേരെയെങ്കിലും ഇത്തരത്തില്‍ തടവിലാക്കിയിട്ടുണ്ടെന്നാണ് മേഘയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: