ചടയമംഗലം: ചടയമംഗലം ഖാദി നിര്‍മ്മാണ യൂണിറ്റിലെ തൊഴിലാളികള്‍ ദുരിതത്തില്‍. ഇവര്‍ക്ക് മാസങ്ങളായി വേതനം പോലും ലഭിക്കുന്നില്ലായെന്നും പകുതിയോളം പേര് ജോലിയില്ലാതെ ബുദ്ധിമുട്ടുകയാണെന്നും ആക്ഷേപമുയരുന്നു.
മന്ത്രി ചിഞ്ചുറാണി പ്രതിനിധാനം ചെയ്യുന്ന മണ്ഡലമായ ചടയമംഗലത്തെ ഖാദി വികസന ബോര്‍ഡിന്റെ നിര്‍മ്മാണ യൂണിറ്റിനാണ് ഈ ദുരവസ്ഥ. ഇവിടെ ഇപ്പോള്‍ നാല്‍പ്പതോളം പേര് മാത്രമാണ് നിലവില്‍ ജോലിയിലുള്ളത്. അവര്‍ക്കും പിടിച്ചു നില്ക്കാന് കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന യൂണിറ്റ് നൂല് നൂല്‍പ്പും, കൈത്തറി വസ്ത്രങ്ങളുടെ നിര്‍മ്മാണവും, അതിന് ആവശ്യമായ യന്ത്ര സംവിധാനങ്ങളോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍ വേതനം തുച്ഛമായതോടെ നെയ്ത്ത് തൊഴിലാളികളില്‍ പലരും ജോലി ഉപേക്ഷിക്കുകയും തൊഴിലുറപ്പ് പോലെയുള്ള ജോലികളിലേക്ക് തിരിയുകയും ചെയ്തു. കാലപ്പഴക്കാത്താല്‍ ഇവിടുത്തെ യന്ത്രങ്ങള്‍ പലതും നശിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതിനാല്‍ തന്നെ ഇപ്പോള്‍ ജോലി ചെയ്തുവരുന്നവര്ക്കുപോലും തൊഴില്‍ ലഭിക്കാത്ത സാഹചര്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: