ന്യൂദല്‍ഹി: കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് ചുവടുമാറിയ ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണങ്ങളെക്കുറിച്ച് വ്യാഴാഴ്ച മനസ്സ് തുറന്നു.
ഏതെങ്കിലും ഒരു ദുര്‍ബല നിമിഷത്തില്‍ എടുത്ത തീരുമാനമല്ല, നല്ലതുപോലെ ചിന്തിച്ചെടുത്ത തീരുമാനം എന്നായിരുന്നു ജിതിന്‍ പ്രസാദയുടെ വിശദീകരണം. ‘പൊതുജീവിതത്തില്‍ ഉള്ളവരാണ് രാഷ്‌ട്രീയക്കാര്‍. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് ഈ ലക്ഷ്യം നേടാനായില്ലെങ്കില്‍ നിങ്ങളുടെ രാഷ്‌ട്രീയ ജീവിതം വിജയമാവില്ല,’ ജിതിന്‍ പ്രസാദ പറഞ്ഞു.
ബിജെപിയില്‍ ചേരാനുണ്ടായ തന്റെ തീരുമാനത്തെ വിമര്‍ശിച്ചവരോട് തിരിച്ചടിച്ചുകൊണ്ട് ജിതിന്‍ പ്രസാദ ചോദിച്ചു: ‘എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മഹാരാഷ്‌ട്രയില്‍ ശിവസേനയുമായി സഖ്യത്തിലായത്? കേരളത്തിലും ബംഗാളിലും ഒരേ സമയം മത്സരിച്ച കോണ്‍ഗ്രസ് പ്രതിപക്ഷത്തിന്റെ കൂടെ ഒരു സംസ്ഥാനത്ത് നില്‍ക്കുകയും മറ്റൊരു സംസ്ഥാനത്ത് പ്രതിപക്ഷത്തിനോട് മത്സരിക്കുകയും ചെയ്തത് എന്തുകൊണ്ട്?’
തന്റെ അനുയായികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ‘പൊതുജനവും കോണ്‍ഗ്രസും തമ്മില്‍ നല്ല വിടവുണ്ട്. തുടര്‍ച്ചയായി കോണ്‍ഗ്രസ് തോല്‍വികള്‍ ഏറ്റുവാങ്ങുകയാണ്. തോല്‍വികളുണ്ടാവുമ്പോള്‍ കോണ്‍ഗ്രസിന്റെ വോട്ട് ശതമാനവും കുറയുകയാണ്. എന്നാല്‍ ചോര്‍ച്ച അടക്കേണ്ടതിനെക്കുറിച്ച് ആരും അവിടെ ചിന്തിക്കാറില്ല,’ അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസ് അധികാരത്തില്‍ ഇല്ലാത്തതുകൊണ്ടല്ല പാര്‍ട്ടി വിട്ടത്. ഏഴു വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കോണ്‍ഗ്രസിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഷ്ടപ്പെട്ടു. 2014 മുതല്‍ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ ഞാന്‍ തോറ്റു. തോല്‍വികൊണ്ടാണ് മാറിയതെങ്കില്‍ എനിക്ക് മുന്‍പേ മാറാമായിരുന്നു.,’ ജിതിന്‍ പ്രസാദ പറഞ്ഞു.
‘ദിശതെറ്റിയുള്ള പോക്കാണ് കോണ്‍ഗ്രസിന്‍റേത്. പലതവണ തെരഞ്ഞെടുപ്പു തോല്‍വികളറിഞ്ഞിട്ടും അതിന് പരിഹാരം കണ്ടെത്താനായില്ല. പ്രധാനമന്ത്രിയുടെ പ്രശസ്തിയില്‍ തട്ടി കോണ്‍ഗ്രസിന്റെ എല്ലാവരും തകര്‍ന്നു. തത്വാധിഷ്ഠിതമായി മുന്നേറുന്ന ഒരേയൊരു പാര്‍ട്ടി ബിജെപിയാണ്. മറ്റ് പാര്‍ട്ടികളെല്ലാം ഓരോരോ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് കറങ്ങുന്നവയാണ്.’ അദ്ദേഹം അഭിപ്രായപ്പെട്ടു.
‘രാജ്യത്തിന്റെ ഭാവി മോദിയുടെ കൈകളില്‍ സുരക്ഷിതമായിരിക്കും. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ എപ്പോഴും ചാഞ്ചാട്ടങ്ങളാണ്. അതേ സമയം ബിജെപിയുടേതാകട്ടെ ഉറച്ച ആദര്‍ശങ്ങളാണ്,’ ജിതിന്‍ പ്രസാദ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: