ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടി തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ ‘വിലക്കപ്പെട്ട കുടിയേറ്റക്കാരനാ’യി ഡൊമിനിക്ക റിപ്പബ്ലിക് പ്രഖ്യാപിച്ചിരുന്നതായി റിപ്പോര്‍ട്ട്.
ആന്റിഗ്വയില്‍ കഴിഞ്ഞിരുന്ന മെഹുല്‍ ചോക്സിയെ ഡൊമിക്കന്‍ പൊലീസാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആന്റിഗ്വ സര്‍ക്കാരുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് മെഹുല്‍ ചോക്സി ക്യൂബയിലേക്ക് ബോട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡൊമിനിക്കയില്‍ പിടിയിലാവുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘വിലക്കപ്പെട്ട കുടിയേറ്റക്കാരനാ’യി പ്രഖ്യാപിച്ച വിവരം ഡൊമിനിക്ക റിപ്പബ്ലിക് അധികൃതര്‍ തന്നെ മെഹുല്‍ ചോക്സിയെ അറിയിച്ചിരുന്നു.
‘വിലക്കപ്പെട്ട കുടിയേറ്റക്കാരനാ’യി പ്രഖ്യാപിച്ച സ്ഥിതിക്ക് അദ്ദേഹത്തെ ഡൊമിനിക്കയില്‍ നിന്നും അടിയന്തരമായി ചോക്സിയെ നാടുകടത്തേണ്ടതുണ്ട്. ഇന്ത്യയിലേക്ക് വിട്ടുതരാനാണ് സീനിയര്‍ അഭിഭാഷകനായ ഹരീഷ് സാല്‍വേ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം അദ്ദേഹത്തെ ആന്റിഗ്വയിലേക്ക് തന്നെ പറഞ്ഞയക്കണമെന്നാണ് ചോക്സിയുടെ അഭിഭാഷകരും ഭാര്യയും ആവശ്യപ്പെടുന്നത്. എന്നാല്‍ തങ്ങളുടെ രാജ്യത്തേക്ക് ചോക്സിയെ അയയ്ക്കരുതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഡൊമിനിക്ക കോടതി കേസില്‍ വാദം കേട്ട് വരികയാണ്.
ആന്റിഗ്വയിലെ ദ്വീപില്‍ മെയ് 23ന് ഒരു റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയ മെഹുല്‍ ചോക്സി അപ്രത്യക്ഷനായി. ഇദ്ദേഹത്തിന്റെ വാഹനം പിന്നീട് ജോളി ഹാര്‍ബറില്‍ കണ്ടെത്തി. ടുകാരി ബീച്ചിലൂടെ ഡൊമിനിക്കയില്‍ എത്തിയ മെഹുല്‍ ചോക്സിയെ ഒരു യെല്ലോ അലര്‍ട്ടിനെ തുടര്‍ന്ന് ഡൊമിനിക്ക അധികൃതര്‍ പിടികൂടുകയായിരുന്നു. മെഹുല്‍ ചോക്സിയുടെ സ്ത്രീസുഹൃത്തായ ബാര്‍ബറയാണ് പിന്നീട് മെഹുല്‍ ചോക്സി ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തിയത്. താനുമായി ആന്റിഗ്വയിലെ റസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഒരു സംഘം ആളുകള്‍ മെഹുല്‍ ചോക്സിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നായിരുന്നു ബാര്‍ബറയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ തട്ടിക്കൊണ്ടുപോകലും ഒരു നാടകമായിരുന്നുവെന്ന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: