ന്യൂദല്‍ഹി: പതിനെട്ടു വയസു മുതലുള്ളവര്‍ക്ക് കൊവിഡ് വാക്സിന് പൂര്‍ണമായും സൗജന്യമാക്കിയതുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി. ജനസംഖ്യ, ഇതര രോഗങ്ങള്‍, വാക്സിനേഷന് പുരോഗതി എന്നിവ അടിസ്ഥാനപ്പെടുത്തിയാകും സംസ്ഥാനങ്ങള്‍ക്ക് വാക്സിന് നല്‍കുന്നത്. വാക്സിന് പാഴാക്കല്‍ വിഹിതത്തെ ബാധിക്കുമെന്നും പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് മുന്‍പും, ഇപ്പോഴും നയത്തില്‍ മാറ്റം വരുത്തിയതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ജനുവരിയില്‍ 16ന് ആരംഭിച്ച വാക്സിനേഷന് യജ്ഞത്തില്‍ ഏപ്രില്‍ 30 വരെ പൂര്‍ണമായും സൗജന്യമായാണ് കേന്ദ്രം വാക്സിന് നല്കിവന്നിരുന്നത്. വാക്സിന് നേരിട്ടു വാങ്ങാന്‍ അനുമതി നല്‍കണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ച പ്രകാരമാണ് മുന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാറ്റിയതും വാക്സിന് നേരിട്ടു വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്കിയതും. മെയ് ഒന്നിന് നിലവില്‍ വന്ന മാര്‍ഗനിര്‍ദേശ പ്രകാരം 50 ശതമാനം വാക്സിന് കേന്ദ്രം വാങ്ങി, സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്കിവന്നിരുന്നത്. അങ്ങനെ ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാമെന്നാക്കിയിരുന്നു.
വാക്സിന് പണം കണ്ടെത്താനും അത് വാങ്ങാനും എത്തിക്കാനും ബുദ്ധിമുട്ടുണ്ടെന്ന് പിന്നീട് സംസ്ഥാനങ്ങള്‍ അറിയിച്ചു. ഇത് കൊവിഡ് വാക്സിനേഷനെ ബാധിച്ചു. ചെറിയ ആശുപത്രികള്‍ക്കും വിദൂരസ്ഥലങ്ങളിലെ ആശുപത്രികള്‍ക്കും വാക്സിന് വാങ്ങുകയും ദുഷ്ക്കരമായി. ഈ സാഹചര്യത്തില്‍, സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന കൂടി പരിഗണിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതും 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്സിന് സൗജന്യമാക്കിയതും.
ഇതു പ്രകാരം 75 ശതമാനം വാക്സിനും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. നല്കുന്ന ഡോസിനെപ്പറ്റി കേന്ദ്രം സംസ്ഥാനങ്ങളെ മുന്‍കൂട്ടി അറിയിക്കും. അതത് സംസ്ഥാനങ്ങള്‍ ജില്ലകള്‍ക്കും വാക്സിനേഷന് കേന്ദ്രങ്ങള്‍ക്കും എത്ര ഡോസാണ് നല്‍കുന്നതെന്ന് മുന്‍കൂട്ടി അറിയിക്കണം. വാക്സിന് ലഭ്യത ജനങ്ങളെ അറിയിക്കണം.എല്ലാ പൗരന്മാര്ക്കും, അവരുടെ വരുമാനം എത്രയായാലും വാക്സിന് സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: