തിരുവനന്തപുരം/കാട്ടാക്കട: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തു കൊണ്ടിരുന്ന നാല് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളെ പോലീസ് തല്ലിച്ചതച്ചു. 17 വയസുള്ള കുട്ടികളെ മാതാപിതാക്കളുടെ മുന്നിലിട്ട് മുതുകിലും തുടയിലും കാലിലുമൊക്കെ കേബിള്‍ വയര്‍ ഉപയോഗിച്ചാണ് പോലീസ് മൃഗീയമായി മര്‍ദ്ദിച്ചത്.
കഞ്ചാവ് കച്ചവടമാണോടാ, അശ്ലീല വീഡിയോ കാണുകയായിരുന്നോ എന്നിങ്ങനെ ആക്രോശിച്ചും, അസഭ്യം വിളിച്ചുമായിരുന്നു മര്‍ദ്ദനം. വീടിനുള്ളില്‍ മൊബൈല്‍ റെയ്ഞ്ചില്ലാത്തതിനാല്‍ സമീപത്ത് അഞ്ചുതെങ്ങിന്മൂട് യോഗേശ്വര ക്ഷേത്രത്തിലെ പടികെട്ടിലാണ് കുട്ടികള്‍ പഠിച്ചു കൊണ്ടിരുന്നത്. ക്ഷേത്രത്തിന് ഇരുവശത്തെയും റോഡിലൂടെ എത്തിയ കാട്ടാക്കട പോലീസാണ് കുട്ടികളെ മര്‍ദ്ദിച്ചത്.
പോലീസിന്റെ വിരട്ടലില്‍ ഭയന്ന് ഓടിയപ്പോള്‍ കാല്‍തെറ്റി വീണുപോയ കുട്ടിയെ തറയിലിട്ട് ചവിട്ടി. സംഭവം കണ്ട് ഓടിയെത്തിയ കുട്ടികളുടെ മാതാപിതാക്കള്‍ പോലീസിനോട് കുട്ടികളെ തല്ലരുതെന്നും അവര്‍ പഠിക്കാന്‍ ഇരുന്നതാണെന്ന് പറഞ്ഞെങ്കിലും ഇവരെയും അസഭ്യം പറഞ്ഞ് ആട്ടിപ്പായിച്ചു.
മര്‍ദ്ദിച്ച് അവശരാക്കിയ കുട്ടികളെ ജീപ്പില്‍ കയറ്റി പലയിടത്തും കറങ്ങിയ ശേഷം സ്റ്റേഷനില്‍ എത്തിച്ചു. ഇതിനിടെയും അസഭ്യ വര്‍ഷവും മര്‍ദ്ദനവും തുടര്‍ന്നതായി കുട്ടികള്‍ പറഞ്ഞു. വൈകിട്ടോടെ സ്റ്റേഷനില്‍ എത്തിച്ച കുട്ടികളെ രക്ഷിതാക്കളെ വരുത്തി അവര്‍ക്കൊപ്പം വിട്ടു. വീട്ടില്‍ എത്തിയ ശേഷമാണ് കുട്ടികള്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞതും രക്ഷകര്‍ത്താക്കള്‍ ഇവരുടെ ശരീരത്തില്‍ മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടതും. കടുത്ത ശരീരവേദനയും നീരും വന്നതോടെ കുട്ടികളെ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. കമ്മീഷന് സ്ഥലത്തെത്തി കുട്ടികളുടെ മൊഴിയെടുത്തു. പോലീസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടിലാണ് പോലീസ്. എന്നാല്‍, കുട്ടികളെ മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച കട്ടികൂടിയ കേബിള്‍ വയര്‍ പോലീസ് ജീപ്പില്‍ നിന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: