തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് നിലവില്‍ വന്ന ഭരണപരിഷ്കാര കമീഷനായി സർക്കാർ ചെലവാക്കിയത് കോടികൾ. പതിമൂന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും ഒന്ന് പോലും നടപ്പാക്കിയില്ല. നിയമസഭയില്‍ പി.സി. വിഷ്ണുനാഥിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കമീഷന്റെ ആകെ ചിലവ് 10,79,29,050 രൂപയാണെന്ന് മറുപടിയില്‍ പറയുന്നു. കമീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി സമയബന്ധിതമായി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതി രൂപീകരിച്ചതായും സമിതി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു വരികയാണെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു.
വിജിലന്‍സ് പരിഷ്കാരം സംബന്ധിച്ച് 2017ലാണ് കമീഷന് ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2018ല്‍ രണ്ട് റിപ്പോര്‍ട്ടുകളും 2019ല്‍ ഒരു റിപ്പോര്‍ട്ടും 2020ല്‍ നാല് റിപ്പോര്‍ട്ടുകളും 2021ല്‍ അഞ്ച് റിപ്പോര്‍ട്ടുകളുമാണ് കമീഷന് സമര്‍പ്പിച്ചത്. 2021 ഏപ്രില്‍ 21നാണ് കമീഷന് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്കാര കമീഷന് അധ്യക്ഷനായി വി.എസ്. ചുമതലയേറ്റത്. അനാരോഗ്യത്തെ തുടര്‍ന്ന് കാലാവധി തീരും മുമ്പ് കഴിഞ്ഞ ജനുവരിയില്‍ അദ്ദേഹം രാജിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: