ശ്ലോകം 344
അഹംബുദ്ധവൈ്യ മോഹിന്യാ
യോജയിത്വാ/വൃതേര്‍ബലാത്
വിക്ഷേപ ശക്തിഃപുരുഷം
വിക്ഷേപയതി തദ്ഗുണൈഃ
വിക്ഷേപ ശക്തി ആവരണശക്തിയുടെ സഹായത്തോടെ മോഹിപ്പിച്ചിട്ട് അഹന്തയാകുന്ന കൊടുങ്കാറ്റിലൂടെ മനുഷ്യനെ പ്രക്ഷുബ്ധനാക്കിത്തീര്‍ക്കുന്നു.
വിക്ഷേപ ശക്തി പണ്ഡിതനെ പോലും യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകറ്റും. സ്വരൂപത്തെ മറക്കാന്‍ കാരണമായ അഹംബുദ്ധിയുമായി ചേര്‍ന്ന് വിക്ഷേപം സങ്കല്പങ്ങളെ കൊണ്ട് ആത്മാവില്‍ നിന്നും അകറ്റും.
ആവരണ ശക്തി ബുദ്ധിയെ സത്യം ഗ്രഹിക്കാന്‍ കഴിവില്ലാതാക്കുന്നു. അതോടെ മനസ്സ് വിക്ഷേപ കലുഷിതമായിത്തീരുന്നു. ബുദ്ധിയിലെ ആവരണം മനസ്സില്‍ വിക്ഷേപമുണ്ടാക്കുന്നു. ഇതിനെ മനോബുദ്ധികളുടെ തന്ത്രമായി കരുതണം. മനസ്സിലുണ്ടാകുന്ന വിക്ഷേപം മൂലമാണ് മനുഷ്യര്‍ തീരാത്ത ദുഃഖങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്. ലോകത്തിലെ എല്ലാവരും ഓരോരോ തരത്തില്‍ ദുഃഖിതരാണ്. ഓരോ വ്യക്തിയുടേയും വാസന വ്യക്തമാകുന്നതിനനുസരിച്ച് ദുഃഖത്തിന്റെ അളവും ഗുണവും വ്യത്യാസപ്പെട്ടിരിക്കും.
വിക്ഷേപ ശക്തി വേരോടെ നശിച്ചില്ലെങ്കില്‍ വലിയ ബന്ധനം തന്നെ ഉണ്ടാകും. അനാത്മാവില്‍ ആത്മബുദ്ധിയുണ്ടാകും.അപ്പോള്‍ സ്വരൂപം മറക്കും. അഹങ്കാരം വരുമ്പോള്‍ സങ്കല്പങ്ങളും കാമനകളുമൊക്കെ വന്നു ചേരും. ഇത് പണ്ഡിതന്‍മാരെ പോലും സ്വരൂപ ബോധത്തില്‍ നിന്ന് അകറ്റും.
ശ്ലോകം 345
വിക്ഷേപശക്തിവിജയോ വിഷമോ വിധാതും
നിശ്ശേഷമാവരണശക്തി നിവൃത്ത്യഭാവേ
ദൃഗ്ദൃശ്യയോഃ സ്ഫുടപയോജലവദ്വിഭാഗേ
നശ്യേത് തദാവരണമാത്മനി ച സ്വഭാവാത്
നിസ്സംശയേന ഭവതി പ്രതിബന്ധശൂന്യോ
വിക്ഷേപണം നഹി തദാ യദി
ചേന്മൃഷാര്‍ത്ഥേ
ആവരണ ശക്തിയെ നിശ്ശേഷം അകറ്റാതെ വിക്ഷേപ ശക്തിയെ ജയിക്കുക വിഷമമാണ്. പാലിനെ വെള്ളത്തില്‍ നിന്ന് വേറിട്ട് അറിയും പോലെ ദൃക് ദൃശ്യം എന്നിവയെ വേര്‍തിരിച്ചറിയണം. അപ്പോള്‍ ആവരണ ശക്തി സ്വാഭാവികമായി നശിക്കും. മിഥ്യയായ വിഷയവസ്തുക്കളെ കൊണ്ട് മനസ്സ് ചഞ്ചലമാകാതിരുന്നാല്‍ വിജയം ഉറപ്പായും തടസ്സമില്ലാത്തതാകും.
അരയന്നം പാലും വെള്ളവും ചേര്‍ന്നതില്‍ നിന്ന് പാലിനെ മാത്രം വേര്‍തിരിച്ച് കുടിക്കുന്നതു പോലെ ആത്മാവിനെയും അനാത്മാക്കളേയും വേര്‍തിരിച്ചറിയണം. അപ്പോള്‍ ആത്മാവിനെ മൂടിയ മറ നശിക്കും. ഈ മായാമറ നീങ്ങുമ്പോള്‍ മിഥ്യയായ അനാത്മ വസ്തുക്കളില്‍ മനസ്സ് പോകാതിരിക്കും. അതു വഴി വിക്ഷേപ ശക്തിയെ ഇല്ലാതാക്കാം.
















