വിശാഖപട്ടണം: നാലു പതിറ്റാണ്ട് നീണ്ട വിശിഷ്ട സേവനത്തിന് ശേഷം നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഐഎന്‍എസ് സന്ധായക് ഡീകമ്മീഷന്‍ ചെയ്തു. വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡിലാണ് ഡീകമ്മീഷന്‍ ചടങ്ങുകള്‍ നടന്നത്.
40 വര്‍ഷത്തെ സേവനത്തിനിടെ ഇന്ത്യന്‍ ഉപദ്വീപിലെ പടിഞ്ഞാറന്‍, കിഴക്കന്‍ തീരങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളിലും ശ്രീലങ്ക, മ്യാന്മര്, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളിലും നടന്ന 200 സുപ്രധാന ഹൈഡ്രോഗ്രാഫിക് സര്‍വേകളാണ് ഐ.എന്‍.എസ് സന്ധായക് ഏറ്റെടുത്തത്.
കൂടാതെ, 1987ല്‍ ശ്രീലങ്കയിലെ ഓപ്പറേഷന് പവന്, 2004ല്‍ സുനാമിയെ തുടര്‍ന്ന് മാനുഷിക സഹായത്തിന്റെ ഭാഗമായി നടത്തിയ ഒാപ്പറേഷന് റെയിന്‍ബോ, 2019ല്‍ ഇന്തോ-യു.എസ് എച്ച്.എ.ഡി.ആര് പരിശീലനം തുടങ്ങിയ സുപ്രധാന പ്രവര്‍ത്തനങ്ങളിലും സന്ധായക് പങ്കാളിയായി. നാലു സര്‍വേ മോട്ടോര്‍ ബോട്ടുകള്‍, രണ്ട് ചെറിയ ബോട്ടുകള്‍ ഹെലികോപ്റ്റര്‍ ഡെക്ക് അടക്കമുള്ളവ കപ്പലിലുണ്ട്. രണ്ട് ഡീസല്‍ എഞ്ചിനുകളുള്ള കപ്പലിന്റെ ഉയര്‍ന്ന വേഗത 16 നോട്ടിക്കല്‍ മൈലാണ്. കൂടാതെ സ്വയം പ്രതിരോധത്തിനായി ബോഫോഴ്സ് 40 എം.എം തോക്കും ഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച എട്ട് സര്‍വേ കപ്പലുകളില്‍ ഏറ്റവും പഴക്കമുള്ളതാണ് ഐ.എന്‍.എസ് സന്ധായക്. കൊല്‍ക്കത്ത കപ്പല്‍നിര്‍മാണശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കപ്പല്‍ 1981 മാര്‍ച്ച് 14ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: