തിരുവനന്തപുരം: ഒരു ലോകപരിസ്ഥിതി ദിനം കൂടി ആചരിക്കുമ്പോള്‍ ഭൂമിയെ ഹരിതക്കുട ചൂടിക്കുന്ന തണല്‍ മരങ്ങളുടെ തമ്പുരാന് ഇന്നും വിശ്രമമില്ല. തിരുവനന്തപുരം വട്ടിയൂര്‍കാവ് കുലശേഖരം പെരിങ്ങശ്ശേരി ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരി (71) മരങ്ങള്‍ നട്ടു തുടങ്ങിയിട്ട് ദേഹത്തണിഞ്ഞിരിക്കുന്ന പൂണൂലോളം പഴക്കം.
ആരുടെയും പ്രേരണയോ നിര്‍ദ്ദേശമോ ഇല്ലാതെയായിരുന്നു കുട്ടനാട് മാങ്കൊമ്പിലെ കുട്ടിക്കാലം മുതല്‍ സുബ്രഹ്മണ്യന് നമ്പൂതിരി വഴിയരികില്‍ മരങ്ങള്‍ നട്ടു തുടങ്ങിയത്. കണ്ണില്‍പ്പെടുന്ന അരയാലും വേപ്പും മാവുമൊക്കെ പാതയരികില്‍ നട്ടുനനച്ചു. ഭാവിയില്‍ ആര്‍ക്കെങ്കിലും തണലേകട്ടെ എന്ന വലിയ ചിന്തയില്‍. പഠനം പൂര്‍ത്തിയാക്കി സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷനില്‍ ജോലി നേടി മുപ്പത്തേഴാം വയസില്‍ തലസ്ഥാനത്തേക്ക്. തലസ്ഥാനത്തും സുബ്രഹ്മണ്യന് നമ്പൂതിരി മരങ്ങള്‍ നട്ടുപിടിപ്പിച്ച് തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ടു പിന്നിടുന്നു. പരിസ്ഥിതി സംരക്ഷിക്കാന്‍ മരങ്ങള്‍ക്ക് മാത്രമേ കഴിയൂ എന്ന ഉറച്ചവിശ്വാസത്തില്‍.
തിരുവനന്തപുരം പ്രസ്ക്ലബ്ബിന് മുന്നിലൂടെയുള്ള ഇടുങ്ങിയ റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വീതി കൂട്ടിയപ്പോള്‍ അവിടുണ്ടായിരുന്ന തണല്‍മരങ്ങള്‍ മുറിച്ചു മാറ്റി. നാളെ താന്‍ മാത്രമല്ല, ഇതുവഴി പോകുന്നവരെല്ലാം തണല്‍ കിട്ടാതെ തളരുമെന്ന ചിന്ത നമ്പൂതിരിയുടെ മനസിനെയാണ് പൊള്ളിച്ചത്. ഈ പാതയരികില്‍ വീണ്ടും തണല്‍മരങ്ങള്‍ നട്ടുവളര്‍ത്തുകയെന്ന ദൗത്യം നമ്പൂതിരി ഒറ്റയ്ക്ക് ഏറ്റെടുത്തു.
സെന്‍ട്രല്‍ സ്റ്റേഡിയത്തിനു ചുറ്റിലും കരകൗശല കോര്പ്പറേഷനുമുന്നിലും സെക്രട്ടറിയേറ്റ് പരിസരത്തും സുബ്രഹ്മണ്യന് നമ്പൂതിരി അന്ന് നട്ടുപിടിപ്പിച്ച അരയാലും കൊന്നയും പേരയുമൊക്കെ ഇന്ന് മാമരങ്ങളായി. ചെറിയ തൈകള്‍ നട്ടു പോവുകയായിരുന്നില്ല, രണ്ടും മൂന്നും വര്‍ഷം വീട്ടില്‍ വളര്‍ത്തി ചെറു മരങ്ങളായവ പിഴുതെടുത്ത് ടെമ്പോയില്‍ നഗരത്തില്‍ എത്തിച്ചായിരുന്നു നടീല്‍. താന്‍ നട്ട മരങ്ങളുടെ വളര്‍ച്ച ഇടയ്ക്കിടെ ഇവിടെ എത്തി ആസ്വദിക്കാനും പെരിങ്ങശ്ശേരി ഇല്ലത്തെ ഈ കാരണവര്‍ മറക്കാറില്ല.
പ്രായത്തിന്റെ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും പരിസ്ഥിതി ദിനത്തില്‍ മാത്രമല്ല, മരങ്ങളുമായി നടാനിറങ്ങാന് നമ്പൂതിരിക്ക് പ്രത്യേക സമയവും കാലവുമില്ല. ആര് സ്ഥലം നല്കിയാലും അവിടെ മരം നടാനെത്തും. സ്വന്തം ചെലവില്‍. ക്ഷേത്രങ്ങളില്‍ പേരാല്‍ നട്ടും, സ്വന്തം വീടിന്റെ മട്ടുപ്പാവില്‍ ഞാവലും നാരകവും മാവും എലന്തയുമൊക്കെ ബോണ്‍സായി രീതിയില്‍ നട്ടുവളര്‍ത്തിയും മരങ്ങളെ പ്രണയിച്ചാണ് പെരിങ്ങശ്ശേരി തിരുമേനിയുടെ ജീവിതം.
രാമമംഗലം മംഗലത്തുമനയില്‍ പ്രേമയാണ് സുബ്രഹ്മണ്യന് നമ്പൂതിരിയുടെ ഭാര്യ. മണികണ്ഠേശ്വരം മഹാദേവക്ഷേത്രം മേല്‍ശാന്തി കേശവന് നമ്പൂതിരി, നെട്ടയം കൈലാസപതി മഹാദേവ ക്ഷേത്രം മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവരാണ് മക്കള്‍. പ്രകൃതി പരിപാലനയാത്രയില് കുടുംബാംഗങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയുള്ളതിനാല്‍ സുബ്രഹ്മണ്യന് നമ്പൂതിരിക്ക് സപ്തതി കഴിഞ്ഞിട്ടും ആവേശം കുറയുന്നില്ല. മരങ്ങളോടുള്ള പ്രണയവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: