തൃശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ പോലീസ് പിടിയിലായവര്‍ പലരും സിപിഎം-സിപിഐ പ്രവര്‍ത്തകര്‍. അതേസമയം പോലീസിന്റെ തുടരന്വേഷണം ഇരുട്ടില്‍ തപ്പുന്നു. പണം കവര്‍ച്ച ചെയ്ത കേസില്‍ പിടിയിലായ ഇരുപത് പ്രതികളില്‍ ഒന്‍പത് പേരും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നവരാണ്. പ്രതികളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. കേസിലെ മുഖ്യ പ്രതികളിലൊരാളായ മാര്ട്ടിന് സിപിഐയുടെ യുവജന വിഭാഗമായ എഐവൈഎഫിന്റെ മേഖലാ ഭാരവാഹിയാണ്.
കവര്‍ച്ചാ കേസില്‍ പ്രതികളെ പിടികൂടാനായെങ്കിലും തുടര്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. തുടര്‍ന്ന് എസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റുകയും പ്രത്യക സംഘത്തെ അന്വേഷണം ഏല്‍പ്പിക്കുകയും ചെയ്തു. ഇതിനു ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
മൂന്നരക്കോടി രൂപയാണ് കവര്‍ച്ച ചെയ്യപ്പെട്ടത് എന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഒന്നരക്കോടി രൂപ മാത്രമാണ് കണ്ടെത്താനായത്. ബാക്കി പണം എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. പണത്തിന്റെ ഉറവിടം സംബന്ധിച്ചും പോലീസിന് ഉത്തരമില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് പോലീസ് പറയുമ്പോഴും ഇത് സംബന്ധിച്ച് ഒരു തെളിവും പോലീസിന്റെ പക്കലില്ല. ബിജെപി നേതൃത്വം ആരോപണം നിഷേധിച്ചിട്ടുമുണ്ട്.
സംസ്ഥാന -ജില്ലാ ഭാരവാഹികളില്‍ നിന്നൊക്കെ മൊഴിയെടുത്തെങ്കിലും ബിജെപിയുടെ പണമാണ് എന്നതിന് തെളിവ് കണ്ടെത്താന്‍ പോലീസിനായില്ല. സിപിഎം താത്പര്യമനുസരിച്ചാണ് പുതിയ അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിക്കെതിരെ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് ചോദ്യം ചെയ്യല്‍ നാടകങ്ങളെന്നും ബിജെപി നേതൃത്വം വ്യക്തമാക്കുന്നു. മുന്‍ വിധികളോടെ അന്വേഷണത്തിനിറങ്ങിയ പ്രത്യേക സംഘം ഇപ്പോള്‍ ഇരുട്ടില്‍ തപ്പുന്ന സാഹചര്യമാണ്. അതിനിടെ ഇന്നലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലീസിനോട് കേസ് ഫയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഇ ഡി അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇ ഡിയുടെ അഭിപ്രായം അറിയിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. ഇതേതുടര്‍ന്നാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പോ
ലീസിനോട് കേസ് ഫയല്‍ ആവശ്യപ്പെട്ടത്. നേരത്ത പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അതുകഴിയട്ടെ എന്ന നിലപാടായിരുന്നു ഇ ഡി സ്വീകരിച്ചിരുന്നത്. പോലീസ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത നിലക്ക് കേസ് ഏറ്റെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയാറായേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: