ജറുസലം: പാലസ്തീനിലെ ഹമാസ് ഭീകരര്‍ക്ക് വീണ്ടും ആയിരക്കണക്കിന് പുതിയ റോക്കറ്റുകള്‍ ഉണ്ടാക്കാനാവശ്യമായ സാമഗ്രികള്‍ ഇറാന് എത്തിച്ചു നല്‍കുന്നതായി ടെഹ്റാന് ആസ്ഥാനമായ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാഴ്ച നീണ്ടു നിന്ന ഏറ്റവും ഒടുവിലത്തെ യുദ്ധത്തില്‍ ഹമാസും മറ്റ് ഭീകര സംഘടനകളും ഇറാന്റെ സഹായത്തോടെ നിര്‍മ്മിച്ച ആയിരക്കണക്കിന് റോക്കറ്റുകളാണ് ഇസ്രയേലിനെതിരെ തൊടുത്തു വിട്ടതെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. റോക്കറ്റുകള്‍ തീര്‍ന്നതോടെ പകരം പുതിയവ ശേഖരിയ്ക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ഹമാസ് ഇപ്പോള്‍.
‘ഇസ്രയേലുമായുള്ള സംഘര്‍ഷം അവസാനിപ്പിച്ചതിനു പിന്നാലെ പാലസ്തീന് ഭീകരര്‍ റോക്കറ്റ് നിര്‍മ്മാണം പുനരാരംഭിച്ചു കഴിഞ്ഞെന്ന് ഹമാസിന്റെ പോളിറ്റ് ബ്യൂറോ അംഗം ഫാത്തി ഹമദ് വെളിപ്പെടുത്തിയതായി ഇറാന് സര്‍ക്കാരിന്റെ വാര്‍ത്താ ഏജന്‍സി ഫാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ‘ജറുസലേമിനു നേരെയുള്ള ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അതിക്രമങ്ങള്‍ക്ക് തടയിടാനെന്ന പേരിലാണ് ആയിരക്കണക്കിന് റോക്കറ്റുകള്‍ ഹമാസ് ഉണ്ടാക്കുന്നത്.
ഇപ്പോള്‍ രണ്ടുകൂട്ടര്‍ക്കും ഇടയില്‍ ശാന്തത നിലനില്‍ക്കുന്നുണ്ടെങ്കിലും യുദ്ധം വീണ്ടും ആരംഭിക്കുമെന്ന് വ്യക്തമാക്കുകയാണ് ഹമാസ് നേതാക്കള്‍. ഇസ്രയേലിന്റെ തിരിച്ചടികള്‍ക്ക് ശേഷവും ഇറാനില്‍ നിന്നു ഗാസയിലെ ഭീകരന്മാര്ക്ക് ലഭിക്കുന്ന ആയുധങ്ങളുടെ ഒഴുക്കിന് ഒരു തടസ്സവും ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് മിസൈലുകളാണ് ഇസ്രയേലിനു നേരെ ഹമാസ് തൊടുത്തു വിട്ടത്. മുമ്പൊക്കെ ഉപയോഗിച്ചിരുന്ന പഴയ മോഡല്‍ റോക്കറ്റുകള്‍ക്ക് പകരം, കൂടുതല്‍ ആധുനികമായ മിസൈലുകളും ഇത്തവണ പ്രയോഗിച്ചവയില്‍ പെടുന്നു. ഇറാനാണ് ഇത്തരം ആധുനിക സംവിധാനങ്ങള്‍ ഉണ്ടാക്കുന്നതിനാവശ്യമായ പണവും സാമഗ്രികളും കൊടുത്ത് പാലസ്തീന് ഭീകര സംഘടനകളെ സഹായിക്കുന്നത് .
ഹമാസിന് ആയുധങ്ങളും പണവും കൊടുത്ത് സഹായിക്കുമെന്ന് ഇറാന് നേതാക്കള്‍ ഈയിടെ പ്രസ്താവിച്ചിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്കിടയില്‍ വലിയ ഒച്ചപ്പാടിന് അത് കാരണമായിരുന്നു. ഇതേത്തുടര്‍ന്ന് ഇറാനുമായി പുതിയൊരു ഉടമ്പടിക്ക് ലക്ഷ്യമിട്ടു കൊണ്ട് ബൈഡന് ഭരണകൂടം നടത്തുന്ന നയതന്ത്ര ശ്രമങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഉപരോധ ആശ്വാസമായി ഇറാന് അമേരിക്ക നല്കുന്ന നൂറുക്കണക്കിന് കോടി ഡോളര്‍ ആത്യന്തികമായി ഹെസ്ബുള്ള, ഹമാസ് തുടങ്ങിയ ഭീകര സംഘടനകളെ ശക്തിപ്പെടുത്തുകയാവും ചെയ്യുകയെന്ന് നയതന്ത്ര വിദഗ്ധര്‍ കരുതുന്നു.
ഇസ്രയേലിനെതിരെയുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങളെ ഇറാന് സൈനിക നേതാക്കളും അഭിനന്ദിയ്ക്കുകയുണ്ടായി. ജൂതരാഷ്ട്രത്തെ നശിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് അവര്‍ കൂടുതല്‍ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: