മുംബൈ: മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയിലെ വസതിയില്‍ സന്ദര്‍ശിച്ചു. തിങ്കളാഴ്ച ഉച്ചയ്‌ക്കുശേഷം ഇരുവരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷയുണര്‍ത്തി. പവാറുമൊത്തുള്ള ചിത്രം ഫട്‌നാവിസ് സമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചതോടെ രാഷ്‌ട്രീയവൃത്തങ്ങള്‍ക്കു പുറത്തേക്കും ചര്‍ച്ച നീണ്ടു. ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനു പിന്നാലെ ‘സൗഹൃദ സന്ദര്‍ശനം’ ആയിരുന്നുവെന്ന് ഫട്‌നാവിസിനോട് അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.
ശരദ് പവാറിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു തിരക്കാനാണ് പോയതെന്നും കൂട്ടിച്ചേര്‍ത്തു. അടുത്തിടെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ എന്‍സിപി അധ്യക്ഷന്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിരുന്നു. സുപ്രീംകോടതി റദ്ദാക്കിയ ഒബിസി സംവരണം സംരക്ഷിക്കാന്‍ കഴിയാത്ത മഹാ വികാസ് അഘാടി(എംവിഎസ്) സര്‍ക്കാരിനെ ശരദ് പവാറിനെ കാണുന്നതിനു തൊട്ടുമുന്‍പ് ഫട്‌നാവിസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറാത്ത സംവരണ വിഷയത്തില്‍ വലിയ വാദപ്രതിവാദമാണ് മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ നടക്കുന്നത്.
എന്‍സിപി മന്ത്രി ജയന്ത് പാട്ടീലുമായുള്ള ഏറ്റുമുട്ടലുകള്‍ക്കിടെ നേരത്തേ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശരദ് പവാറിനെ കണ്ടിരുന്നു. അതൃപ്തി അറിയിച്ച മുഖ്യമന്ത്രി സര്‍ക്കാരിനെ സംരക്ഷിക്കേണ്ടത് ശിവസേനയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞതായും വിവരമുണ്ട്. ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുണ്ടാക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് പവാറാണെന്നാണ് പറയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: