കോഴിക്കോട്: ഷുഹൈബ് വധത്തിന് പിന്നാലെ തന്റേയും കുടുംബത്തേയും സിപിഎമ്മും സദാചാര പോലീസും ചേര്‍ന്ന് നിരന്തരം വേട്ടയാടുകയാണെന്ന് മാധ്യമ പ്രവര്‍ത്തക. കോഴിക്കോട് ചോമ്പാല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സുമേഷിന്റെ ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ വിനീത വേണുവാണ് തന്റെ കുടുംബത്തെ തുടര്‍ച്ചയായി ആക്രമിക്കുന്നതായി ആരോപണം ഉന്നിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിമര്‍ശനം.
ഇരിട്ടിയില്‍ വച്ച് സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം ആക്രമിച്ചതിന് പശ്ചാത്തലത്തിലാണ് വിനീതയുടെ ഈ ആരോപണങ്ങള്‍. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ ഭര്‍ത്താവിനെതിരെ വ്യാജ പ്രചരണം നടന്നതായും തെറ്റായ വാര്‍ത്ത നല്കി വ്യക്തിഹത്യ നടത്തിയതായും അവര്‍ പറഞ്ഞു.
വടകര ചോമ്പാലയില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞ കണ്ണൂര്‍ ഇരിട്ടിയിലേക്ക് മടങ്ങവേ സുഹൃത്തിന്റെ വീട്ടില്‍ പോകവേ ഒരു സംഘം ആളുകള്‍ തന്റെ ഭര്‍ത്താവിനെ തടഞ്ഞുനിര്‍ത്തി സദാചാര പോലീസായി ചോദ്യം ചെയ്തു. കാരണം ബോധ്യപ്പെടുത്തിയിട്ടും അവര്‍ ബൈക്ക് എടുത്ത് പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന പോലീസുകാരനാണെന്ന് പറഞ്ഞപ്പോള്‍ കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തി സഭ്യമല്ലാതെ സംസാരിക്കാന്‍ തുടങ്ങി. അതിനിടെ ഭീഷണിപ്പെടുത്തുകയും ചിലര്‍ ഇത വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
പിന്നീട് ഇരിട്ടി സ്റ്റേഷനിലെ മൊബൈല്‍ പെട്രോളിങ് യൂണിറ്റ് എസ്ഐയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി ഭര്‍ത്താവിനെ അവിടെനിന്ന് രക്ഷപെടുത്തി. പിറ്റേ ദിവസം മുതല്‍ ഇടത് അനുകൂല സൈബര്‍ ഗ്രൂപ്പുകളിലും വാട്ട്സ് അപ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും അക്രമികള്‍ എടുത്ത വീഡിയോ ഉപയോഗിച്ച് വിനീതയുടെ ഭര്‍ത്താവിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പ്രചാരണം തുടങ്ങി. ഇടത് അനുകൂല പോലീസ് അസോസിയേഷന് ഭാരവാഹികള്‍ കണ്ണൂരിലെ പല ദൃശ്യമാധ്യമപ്രവര്‍ത്തകരെയും വിളിച്ച് ഭര്‍ത്താവിനെ അനാശ്യാസത്തിന് പിടികൂടിയെന്നാണ് പറഞ്ഞത്.
ശത്രുതയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ അത്തരം ഒരു ദുഷ്പ്രചരണത്തിന് അവര്‍ തന്നെ ചുക്കാന്‍ പിടിച്ചു. ഒരു വാര്‍ത്തയും പ്രത്യക്ഷപ്പെട്ടു. അസമയത്ത് നാട്ടുകാര്‍ പിടികൂടിയ പോലീസുകാരനെതിരെ അന്വേഷണം എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. രാത്രിയിലെ പെണ്‍നടത്തം ഒക്കെ ആഘോഷമാക്കിയ സംസ്ഥാനമാണ് ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നെതെന്നും വിനീത ആരോപിച്ചു. ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കാള്‍ടെക്സ് ജങ്ഷനില്‍ വന്ന് നില്ക്കാം. തല ഉയര്‍ത്തിപ്പിടിച്ച് തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീര്‍ത്തേക്കണം എന്നും വീനീത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: