ഒരു പ്രമേയം കൊണ്ട് എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാവില്ല. ഠ വട്ടത്ത് കിടന്ന് അലമുറയിട്ടാലും ആര്‍ത്തട്ടഹസിച്ചാലും കിം ഫലം എന്ന് ചോദിക്കാനേ കഴിയൂ.
കേരളത്തിന്റെ തുടരന് സര്‍ക്കാറിന്റെ മുമ്പില്‍ ആകെയുള്ള പ്രശ്നം ലക്ഷദ്വീപ് ആയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം രാജ്യമായതിനാല്‍ എവിടെയും ഒരു കണ്ണോട്ടമുണ്ടാവണമല്ലോ. അതുകൊണ്ടാണ് ലക്ഷദ്വീപിനെ രക്ഷിക്കാനെന്ന പേരില്‍ ഒരു പ്രമേയം കൊണ്ടുവരാന്‍ പോകുന്നത്. അതുകൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ എന്നാണെങ്കില്‍ നാട്ടുമ്പുറത്തെ നായാട്ടുകാരന് പണ്ട് പറഞ്ഞതു പോലെ ‘ ഞാന്‍ വെടിവച്ചിട്ടുണ്ട്. പുലി വന്നാല്‍ കൊണ്ടോട്ടെ’ സ്റ്റൈല്‍.
പണ്ട് ഇമ്മാതിരി കുറെ പ്രമേയങ്ങള്‍ പാസ്സാക്കിയതിനെക്കുറിച്ച് അറിയണമെങ്കില്‍ നിയമസഭാ ലൈബ്രറിയില്‍ പോയി നോക്കിയാല്‍ മതി. എന്തെങ്കിലും ഗുണമുണ്ടാവാനോ ക്രിയാത്മകമായ മുന്നേറ്റത്തിനോ വേണ്ടിയല്ല ഈ പ്രമേയം.
ലക്ഷദ്വീപില്‍ എന്തു നടന്നാലും വേണ്ടില്ല, ഞങ്ങള്‍ക്കു ചിലതു പറയണം എന്ന രീതിയാണ്. ലക്ഷദ്വീപിലെ ഏതെങ്കിലും യുവാവിന്റെയോ മധ്യവയസ്കന്റെയോ, ഒക്കെ പോകട്ടെ അവിടത്തെ ഏതെങ്കിലും ഒരാളുടെ ഭാഗത്തു നിന്നുള്ള ചിന്താഗതി ഇപ്പറഞ്ഞവര്‍ക്കുണ്ടോ? ഇത്രകാലം ഭരണം കൈയാളിയവര്‍ അവിടെയുള്ള മനുഷ്യര്‍ മറ്റിടങ്ങളിലെ ആളുകളെ പോലെ പുരോഗതിയുടെ പാതയിലേക്ക് പോകുന്നുണ്ടോ എന്നന്വേഷിച്ചിരുന്നോ? അവരെ മനുഷ്യരായി കണ്ട് പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അക്ഷീണ പരിശ്രമം നടത്തുമ്പോള്‍ തുരങ്കം വെക്കുന്നത് എന്തിന്? ഒരു മതവിഭാഗത്തിന്റെ വിചാരവികാരങ്ങള്‍ക്കൊത്തു മാത്രമേ മുന്നോട്ടു പോകാവൂ എന്ന് ശഠിക്കുന്നതിന് പിന്നില്‍ എന്താണ്? പ്രാകൃത വിചാരങ്ങളും നിലപാടുകളും പരിഷ്കൃത സമൂഹത്തില്‍ എത്രമാത്രം പ്രസക്തമാണ്.
വോട്ടുബാങ്കിന്റെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ കൊണ്ടു ജീവിക്കുന്ന രാഷ്ട്രീയ വൃകോദരങ്ങള്‍ മാനവികതയ്ക്കും മനുഷ്യത്വത്തിനും എന്തു വിലയാണ് കൊടുക്കുന്നത്?
ഒരു തിയേറ്റര്‍ പോലും ഇല്ലാത്ത, അനുവദിക്കാത്ത പ്രദേശം. ഒരു പ്രതിമ വെക്കാന്‍ അനുവദിക്കാത്ത പ്രദേശം. തങ്ങളുടെ മത അനുശാസനയ്ക്കനുസരിച്ചു മാത്രം കാര്യങ്ങള്‍ നീക്കുന്ന നിലപാട്. ഇത് പൊതു സമൂഹത്തിന്റെ മൊത്തം വിചാരവികാരങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോവുമോ?
നികൃഷ്ട രാഷ്ട്രീയ അജണ്ട വഴി ഒരു വിഭാഗത്തെ പ്രീണിപ്പിച്ചു നിര്‍ത്തുന്ന ഏര്‍പ്പാട് ഐ എസ്സിലേക്കുള്ള വഴിമരുന്നിടലാണെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ തെറ്റുപറയാനാവുമോ? മദ്രാസ് ഹൈക്കോടതി അടുത്തിടെ നടത്തിയ വിധി ഇതിന്റെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ഒരു മതവിഭാഗത്തില്‍പെട്ടവര്‍ കൂടുതലായി താമസിക്കുന്നിടത്ത് മറ്റൊരു സമുദായത്തിന്റെയും ആചാരാനുഷ്ഠാനങ്ങള്‍ തടയപ്പെട്ടു കൂടാ എന്നായിരുന്നു ആ വിധിയില്‍ ഊന്നിപ്പറഞ്ഞത്. ആരുടെയും കണ്ണു തുറപ്പിക്കുന്ന വിധിന്യായമായിരുന്നു അത്. ഭൂരിപക്ഷമായി പോയി എന്നതിന്റെ പേരില്‍ ആരുടെ ആട്ടും തുപ്പും കേട്ടു കിടക്കണമെന്നതിന്റെ ചെല്ലപ്പേരല്ല മതനിരപേക്ഷത. ലക്ഷദ്വീപുകാരുടെ വിശ്വാസ പ്രമാണങ്ങള്‍ക്കൊത്തു മാത്രമേ അവിടെ ഭരിക്കാന്‍ പാടുള്ളൂ എന്നു പറയുന്നത് സിറിയയിലെ ആടുമേയ്ക്കലിലേക്കുള്ള കുറുക്കുവഴിയാണെന്ന് കരുതാന്‍ അത്ര വലിയ ബിരുദ പഠനമൊന്നും വേണ്ട. കേസും കോടതിയും പ്രാദേശിക മത വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഗുണ്ടാ ആക്ട് പോലുള്ള നിയമങ്ങള്‍ വേണ്ട എന്നു ശഠിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യാനല്ല ജനാധിപത്യ ഭരണകൂടം തയാറാവേണ്ടത്.
കേരള നിയമസഭയില്‍ ലക്ഷദ്വീപിനുവേണ്ടിയെന്ന് പ്രചരിപ്പിക്കപ്പെടുന്ന പ്രമേയത്തിന്റെ അകത്തളത്തിലും ഐ എസ്സിലേക്കുള്ള യാത്രയ്ക്ക് ഊര്‍ജം കൊടുക്കുന്ന രാസ സമവാക്യമുണ്ട്. സി എ എ , കശ്മീര്‍ , മദനി … കാര്യങ്ങളിലും ഇത്തരം പ്രമേയങ്ങള്‍ വന്നത് മറന്നുകൂട. അതേസമയം വിശ്വാസികളുടെ നെഞ്ചത്ത് വാള് കുത്തിക്കയറ്റിയ ശബരിമല പ്രശ്നം വന്നപ്പോള്‍ ഇപ്പോഴത്തെ പ്രമേയക്കാര്‍ കൊടുങ്കാട്ടിലൊളിച്ചു.
മതേതരമെന്നത് മ്ലേച്ഛപ്രയോഗമായി മാറ്റുന്ന തരത്തിലേക്ക് ഭരണകൂടങ്ങള്‍ നട്ടെല്ലു വളച്ച് നില്ക്കുന്ന കാഴ്ചയാണ്. ഇതിനെക്കുറിച്ച് നിഷ്പക്ഷ സമൂഹം ചിന്തിക്കണം; പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കണം. രാഷ്ട്രീയ വൈകൃതങ്ങള്‍ക്ക് കരിന്തൂവലാണ് ഇത്തരം പ്രമേയങ്ങളെന്ന് ബോധ്യപ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: