തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
ഈ വിധി സച്ചാര്‍-പാലോളി കമ്മീഷന് റിപ്പോര്‍ട്ടിനെതിരായ കാതലായ മാറ്റമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംഘടിതമായ ഒരു ന്യൂനപക്ഷ വിഭാഗത്തിന് മാത്രം അനര്‍ഹമായ ആനൂകൂല്യങ്ങള്‍ അനുവദിക്കുന്ന സച്ചാര്‍-പാലോളി കമ്മീഷനുകള്ക്കെതിരായ ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചിരിക്കുകയാണ്. ന്യൂനപക്ഷ ക്ഷേമ ആനുകൂല്യങ്ങളും അവകാശവും ജനസംഖ്യാനുപാതത്തില്‍ നല്‍കണമെന്ന കോടതി നിരീക്ഷണം സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അനര്‍ഹമായ ആനുകൂല്യങ്ങള്‍ വാരിക്കോരി നല്കുന്ന പ്രവണത സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സുരേന്ദ്രന് പറഞ്ഞു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള സ്കോളര്ഷിപ്പുകളില് 80 ശതമാനം മുസ്ലിങ്ങള്‍ക്കും ബാക്കി 20 ശതമാനം ലത്തീന്‍ കത്തോലിക്ക, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കുമായി നല്‍കിയുള്ള വിവിധ സര്‍ക്കാര്‍ ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ന്യൂനപക്ഷ സമുദായങ്ങളെ ഇത്തരത്തില്‍ വേര്‍തിരിച്ച സര്‍ക്കാര്‍ നടപടി നിയമപരമല്ലെന്നും ഏതെങ്കിലും ഒരു മത വിഭാഗത്തിനു മാത്രമായി പ്രത്യേക ആനൂകൂല്യം നല്കാന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.മൂന്നു സര്‍ക്കാര്‍ ഉത്തരവുകളാണ് റദ്ദാക്കിയത്.
ക്രിസ്ത്യന്‍ സമുദായത്തിന് ജനസംഖ്യാനുപാതികമായുള്ള അര്‍ഹത കണക്കിലെടുക്കാതെ മുസ്ലിം വിഭാഗത്തിന് മാത്രം 80 ശതമാനം സ്കോളര്‍ഷിപ്പ് അനുവദിച്ചത് ഭരണഘടനാവിരുദ്ധമാണ്. ഭരണപരമായ ഉത്തരവുകളിലൂടെ ഭരണഘടനാതത്ത്വങ്ങളും മൈനോറിറ്റി കമ്മിഷന് നിയമങ്ങളും മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. ചിന്നയ്യാ കേസില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായാണ് മുസ്ലിങ്ങള്‍ക്ക് 80 ശതമാനം സംവരണം അനുവദിച്ച ഉത്തരവുകളെന്നും ഇത് നിയമപരമായി നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കൈവശമുള്ള ഏറ്റവും പുതിയ സെന്‍സസ് അനുസരിച്ച് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് മെറിറ്റ് സ്കോളര്‍ഷിപ്പ് തുല്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: