ഇന്ത്യയുടെ ഭാഗമായി 26 ദ്വീപ് സമൂഹങ്ങളുണ്ട്. അതില്‍ പ്രാധാന്യമേറെയുള്ളതാണ് ലക്ഷദ്വീപ് സമൂഹം. ലക്ഷദ്വീപ് സമൂഹത്തിലുള്ള 36 ദ്വീപുകളില്‍ 10 എണ്ണത്തില്‍ മാത്രമേ ജനവാസമുള്ളൂ. സ്വാതന്ത്ര്യ പ്രാപ്തിയോടൊപ്പം തന്നെ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ് ലക്ഷദ്വീപ്. ഗോത്ര സമൂഹം അധിവസിക്കുന്ന പ്രദേശങ്ങള്‍ പലതും അവഗണനയുടെ പടുകുഴിയിലാണ്. വികസനമോ യാത്രാ സൗകര്യങ്ങളോ തീരെ അപര്യാപ്തം. ലക്ഷദ്വീപും അതില്‍ നിന്ന് വേറിട്ട് നില്ക്കുന്നില്ല.
ഏറെക്കാലം രാജ്യം ഭരിക്കാന്‍ അവസരം ലഭിച്ച കോണ്‍ഗ്രസിന് ഇതിലൊന്നും ശ്രദ്ധിച്ചില്ല. ഇവിടെ നിന്നും ജയിച്ചു പോകുന്ന ഏക ലോകസഭാംഗത്തിനും താല്പര്യങ്ങള് പലതാണ്. ലക്ഷദ്വീപ് ഭരണ സംവിധാനത്തിന്റെ തലപ്പത്തെത്തുന്ന ഉദ്യോഗസ്ഥവൃന്ദങ്ങള്‍ക്കും അവരുടേതായ നിക്ഷിപ്ത ലക്ഷ്യങ്ങളില്‍ മാത്രമാണ് ശ്രദ്ധ. അതുകൊണ്ടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണസംവിധാനത്തിന്റെ തലപ്പത്ത് കഴിവും കാര്യപ്രാപ്തിയുമുള്ള ഒരു രാഷ്ട്രീയക്കാരനെ നിശ്ചയിച്ചത്. ഗുജറാത്തില്‍ മന്ത്രിയായിരുന്നു എന്നത് മാത്രമാണ് പ്രഫുല്‍പട്ടേല്‍ എന്ന അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഗോഗ്വാ വിളികള്‍.
ചുമതല കിട്ടി ആറുമാസത്തിനകം തന്നെ പട്ടേല്‍ പ്രശ്നങ്ങള്‍ പഠിച്ചു. പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി. അതില്‍ ചിലതാണ് ഇപ്പോള്‍ ഉത്തരവായി ഇറങ്ങിയിട്ടുള്ളത്. അത് അദ്ദേഹം സ്വമേധയാ ചെയ്തതല്ല. ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുമെല്ലാമായി ചര്‍ച്ച ചെയ്തു. എല്ലാ കാര്യങ്ങളും ദ്വീപിന്റെയും ജനങ്ങളുടെയും വികസനത്തിനും താല്പര്യത്തിനുംവേണ്ടിയെന്ന് എല്ലാവരും സമ്മതിച്ചതുമാണ്. അതാണ് കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ അസ്കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
പ്രഫുല്‍പട്ടേലിനെ പിന്‍വലിക്കണമെന്ന് കുറെപേര് ഇപ്പോള്‍ ശക്തമായി ആവശ്യപ്പെടുകയാണ്. അദ്ദേഹത്തെ പിന്‍വലിച്ചാല്‍ മതിയോ? അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ ഏല്‍പ്പിച്ചു നല്കിയ പദ്ധതിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പിന്‍വലിക്കണ്ടേ?
പത്തുലക്ഷത്തോളം തെങ്ങ് ലക്ഷദ്വീപിലുണ്ട്. ജനങ്ങളുടെ വരുമാനമാര്‍ഗ്ഗത്തില്‍ പ്രധാനപ്പെട്ടതാണ് തേങ്ങ. അത് വൈവിധ്യവല്‍ക്കരിച്ച് വരുമാനം കൂട്ടാന്‍ പദ്ധതിയുണ്ട്. ട്യൂണ മത്സ്യം സമൃദ്ധമാണ്, അത് സൂക്ഷിക്കാനും കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. കടലില്‍ കിടക്കുന്ന ദ്വീപില്‍ മുക്കാല്‍ ലക്ഷം ജനങ്ങളുണ്ട്. അവര്‍ക്ക് ശുദ്ധജലം വേണ്ടേ ? അതിന് പദ്ധതിയുണ്ടല്ലോ. വാര്‍ത്താവിനിമയ സംവിധാനം കുട്ടാന്‍ കടലിലൂടെ കേബിള്‍ വലിക്കുന്നു. 2000 കോടി രൂപയുടേതാണിത്. അതും പിന്‍വലിക്കണോ? ഒന്നാന്തരം സൗകര്യമുള്ള നാല് ആശുപത്രികള്‍ സ്ഥാപിക്കാന്‍ പോകുന്നു. ഓക്സിജന്‍ പ്ലാന്റുകള്‍, ഡീസല്‍ ഉപയോഗിച്ച് വൈദ്യുത പദ്ധതി. അഗത്തി വിമാനത്താവളം വികസനം. ഉടന്‍ നടപ്പാക്കുന്ന 5000 കോടിയുടെ പദ്ധതി. പട്ടേലിനെ പിന്‍വലിക്കുമ്പോള്‍ ഈ പദ്ധതിയും ഉപേക്ഷിക്കണോ?
ഈ പദ്ധതികള്‍ വിശദീകരിക്കാന്‍ കൊച്ചിയിലെത്തിയ കളക്ടര്‍ അസ്കര്‍ അലി അക്രമികളില്‍ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആരാണ് അക്രമികള്‍? പാവപ്പെട്ട ദ്വീപ് നിവാസികളല്ല. കേരള ഭരണം നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അനുയായികള്‍. പ്രതിപക്ഷ നേതാവ് സതീശന്റെ കുഞ്ഞാടുകള്‍. എന്നിട്ടും ഫെഡറലിസത്തെ കുറിച്ച് ഗീര്‍വാണം മുഴക്കുന്നു. അസ്കര്‍ അലി ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ വന്ന ഉദ്യോഗസ്ഥനാണോ?
തിങ്കളാഴ്ച് കേരള നിയമസഭയില്‍ ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം വരികയാണല്ലോ. ലക്ഷദ്വീപിലെ ഭരണ നടപടികളെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കും. പ്രമേയം ഐക്യകണ്ഠേന പാസ്സാക്കും, ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കും പോലെ. ലക്ഷദ്വീപിന്റെ കാര്യം പറയാന്‍ പട്ടേലിനെ വിളിക്കേണ്ട ഐഎഎസ് ഓഫീസറെ വിളിച്ചുവരുത്തി (?) വിശദീകരണം തേടാമോ? ഇല്ലാതെ എന്ത് ജനാധിപത്യം!
കേരളത്തിന്റെ ഒരു നിയമവും ലക്ഷദ്വീപ് ലംഘിക്കുന്നില്ല. കേരള നിയമസഭയുടെ ഒരവകാശത്തിലും കൈകടത്തുന്നുമില്ല. പിന്നെന്തിനാണാവോ ഈ വൃഥാവ്യായാമം. ഇല്ലായ്മയുടെ നടുവില്‍ കഴിയുന്ന പാവങ്ങളെ സഹായിക്കാന്‍ കേന്ദ്രഭരണകൂടം തയ്യാറാകുമ്പോള്‍ അതിനെ തടയിടാന്‍ ആരുശ്രമിച്ചാലും നടക്കാന്‍ പോകുന്നില്ല. അതുതന്നെയല്ലേ ഹൈക്കോടതിയും പറഞ്ഞത്.
ജനങ്ങളുടെ പ്രയാസം കാണാതെ സ്വന്തം കാര്യം സിന്ദാബാദ് വിളിക്കുന്ന ഭരണാധികാരികളെ രാജ്യം മുഴുവന്‍ കണ്ടിട്ടുണ്ട്. ഒരിക്കല്‍ ലക്ഷദ്വീപും അതിന് സാക്ഷിയായതല്ലെ ?
1987ല്‍ നവവത്സരാഘോഷം പൊടിപൊടിക്കാന്‍ ലക്ഷദ്വീപില്‍ എത്തിയത് പ്രധാനമന്ത്രി രാജീവും കുടുംബവുമാണ്, പത്ത് ദിവസം അവരവിടെ അടിച്ചുപൊളിച്ചു. സ്ത്രീകളും കുട്ടികളുമടക്കം പ്രധാനമന്ത്രിയുടെ 24 അംഗ കുടുംബം. എട്ട് വിദേശികള്‍ വേറെയും. അവര്‍ക്ക് തിന്നും കുടിച്ചും പത്തുദിവസം കഴിയാന്‍ ചെലവിട്ടത് കോടികളാണ്.
സാധാരണക്കാര്‍ക്ക് വന്‍കരയുമായി ബന്ധപ്പെടാന്‍ സ്പീഡ് കുറഞ്ഞ ഒരു കപ്പലാണ് ഉണ്ടായിരുന്നത്. 4 ദിവസം വേണം ലക്ഷ്യസ്ഥാനത്തെത്താന്‍. നേവിയുടെ രണ്ട് കപ്പല്‍ ഒരു മുങ്ങിക്കപ്പല്‍, ഹെലിക്കോപ്റ്ററുകള്‍ എന്നിവയെല്ലാം ഇവര്‍ക്കായി സജ്ജമാക്കി. 70 ഉദ്യോഗസ്ഥര്‍, പാചകക്കാര്‍, പരിചാരകര്‍, മധ്യപ്രദേശില്‍ നിന്നടക്കം 1200 പോലീസുകാര്‍. 24 മണിക്കൂറും കനത്ത കാവല്‍. വന്‍കരയുമായി ബന്ധപ്പെടാന്‍ മെഡിക്കല്‍ ആംബുലന്‍സ്. കുടിക്കാന്‍ വിദേശ-നാടന്‍ മദ്യങ്ങള്‍, ഇതൊക്കെ ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ 14 ഹൈസ്പീഡ് ബോട്ട്. ദല്‍ഹി-ലക്ഷദ്വീപ് ആശയവിനിമയത്തിന് ഒരുകോടിയുടെ സംവിധാനം. ബങ്കാരം ദ്വീപില്‍ കൊട്ടാരസമാനമായ താമസ സൗകര്യം, സമ്മേളനഹാള്‍. സ്വപ്നത്തിലെന്ന പോലെ കണ്ട ദ്വീപ് നിവാസികള്‍ക്ക് ഇതിന്റെ ആയിരത്തിലൊന്ന് സൗകര്യം പോലും ഇതുവരെ ലഭിച്ചിട്ടില്ല.
അസൗകര്യങ്ങളുടെ നടുവില്‍ കഴിയുന്ന ലക്ഷദ്വീപിന്റെ അവസ്ഥ മനസ്സിലാക്കിയ നരേന്ദ്രമോദി മന്‍കി ബാത്തില്‍ അത് പറഞ്ഞു. സ്വാതന്ത്ര്യദിന പ്രസംഗത്തിലും ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ നടപടികള്‍ ദ്വീപുനിവാകളുടെ അസൗകര്യം ഇല്ലാതാക്കാനാണ്. ദ്വീപിനെ ഇല്ലാതാക്കാനല്ല. അസൗകര്യങ്ങളും അസ്വസ്ഥതകളും മുതലെടുത്ത് കാലുറപ്പിക്കാന്‍ ആഗ്രഹിക്കുന്ന ക്ഷുദ്ര ജീവികളാണ് കടലിന് നടുവിലുള്ള ദ്വീപിനെ നോക്കി കരയില്‍ നിന്ന് തിളക്കുന്നത്. വലിയൊരു തിര ആഞ്ഞടിച്ചാല്‍ കരയിലെ തിളയ്ക്കല്‍ കെട്ടടങ്ങും. വികസനത്തിന്റെ, വിദ്യാഭ്യാസത്തിന്റെ, സുരക്ഷയുടെ, സുസ്ഥിരമായ, സമാധാനത്തിന്റെ തിരയടിയാണ് വരാന്‍ പോകുന്നത്.
ഇതിനിടയില്‍ പത്ത് ബിജെപിക്കാര്‍ രാജിവച്ചില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അവരുടെ രണ്ടാം രാജിയാണിത്. പൗരത്വനിയമ കോലാഹലത്തിലും ഇവര്‍ രാജിവച്ചു. നിയമം വന്നാല്‍ ലക്ഷദ്വീപ് നിവാസികള്‍ പാക്കിസ്ഥാനില്‍ പോകേണ്ടിവരുമെന്നായിരുന്നല്ലോ പ്രചാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: