തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് വീടുകളില്‍ നടത്തിയ ആറ്റുകാല്‍ പൊങ്കാലയുടെ ശുചീകരണത്തിനായി ടിപ്പര്‍ ലോറികള്‍ വാടകയ്ക്കെടുത്ത സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്കെതിരെ അന്വേഷണം. കോവിഡ് നിയന്ത്രണങ്ങളില്‍ നടത്തിയ പൊങ്കാലയ്ക്ക് ശേഷം ശുചീകരണത്തിനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികളാണ് നഗരസഭ വാടകയ്ക്ക് എടുത്തത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ്.നായരാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയെ പിണറായി വിജയന് ചുമതലപ്പെടുത്തിയിട്ടുണ്ട്.
ലോറികളുടെ വാടകയ്ക്കായി 3,57,800 രൂപ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ പൊങ്കാല നടത്താതിരുന്നിട്ടും ഇത്രയും തുക വകയിരുത്തിയത് എന്തിനെന്ന് ചോദ്യങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. ഫോര്‍ട്ട് ഗ്യാരേജ് സൂപ്പര്‍വൈസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടിപ്പര്‍ ലോറികള്‍ വാടകയ്ക്ക് എടുത്തതെന്നും ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് മേയര്‍ അനുമതി നല്‍കിയെന്നുമാണ് ആരോപണം.
എന്നാല്‍ നഗരസഭ പണം നല്‍കിയിട്ടില്ലെന്നും മേയര്‍ക്കും നഗരസഭയ്ക്കുമെതിരെ വ്യാജ ആരോപങ്ങള്‍ ഉന്നയിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. ഈ വര്‍ഷത്തെ പൊങ്കാലയ്ക്ക് ശേഷം 28 ലോഡ് മാലിന്യം നഗരസഭ നീക്കം ചെയ്തിട്ടുണ്ടെന്നും മേയര്‍ ആര്യ രാജേന്ദ്രന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: