ന്യൂദല്‍ഹി: ഡൊമിനിക്കയില്‍ പിടിയിലായ മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് നേരിട്ട് കൈമാറാന്‍ ആന്റിഗ്വ-ബര്‍ബൂഡ പ്രസിഡന്റ് ഗാസ്റ്റൺ ബ്രൗണ്‍ ആവശ്യപ്പെട്ടു. വായ്പാത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ടശേഷം ആന്റിഗ്വയില്‍ കഴിയുന്നതിനിടെ കാണാതായ ഡയമണ്ട് വ്യാപാരി മെഹുല്‍ ചോക്സി ചൊവ്വാഴ്ച രാത്രിയാണ് സമീപരാജ്യമായ ഡൊമിനിക്കയില്‍ പിടിയിലായത്. ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാന്‍ ഡൊമിനിക്കന്‍ അധികൃതര്‍ക്ക് ‘കൃത്യമായ നിര്‍ദേശം’ നല്‍കിയെന്ന് ബ്രൗണ്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
‘ആന്റിഗ്വയിലേക്ക് തിരിച്ചയ്ക്കേണ്ടെന്ന് ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ക്രിമിനല്‍ ആരോപണം നേരിടുന്ന അദ്ദേഹം അവിടേക്ക് മടങ്ങിപ്പോകേണ്ടതുണ്ട്.’- ബ്രൗണ്‍ പറഞ്ഞതായി ആന്റിഗ്വ ന്യൂസ് റൂം എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്റിഗ്വയില്‍ ലഭിക്കുന്ന അവകാശങ്ങള്‍ മെഹുല്‍ ചോക്സിക്ക് ഡോമിനിക്കയില്‍ ലഭിക്കില്ല. നിക്ഷേപപദ്ധതിയിലൂടെ 2017-ല്‍ ആന്റിഗ്വയില്‍ പൗരത്യം നേടിയ ചോക്സി 2018 മുതല്‍ ഇവിടെ കഴിയുകയായിരുന്നുവെന്ന് ബ്രൗണ്‍ സൂചിപ്പിക്കുന്നു.
ഇക്കാരണത്താല്‍ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ ഡൊമിനിക്കയ്ക്ക് എളുപ്പമായിരിക്കുമെന്ന് പ്രധാനമന്ത്രി വിശ്വസിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ആന്റിഗ്വയില്‍നിന്ന് ഒളിച്ചോടിയ ചോക്സിക്കെതിരെ ഇന്റര്‍പോള്‍ നല്കിയ യെല്ലോ കോര്‍ണര്‍ നോട്ടിസിനെ തുടര്‍ന്നാണ് പിടിയിലാകുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി വായ്പാത്തട്ടിപ്പു നടത്തിയെന്ന കേസില്‍ പ്രതിയാണ് ചോക്സി. ഞായറാഴ്ച അത്താഴം കഴിക്കാന്‍ കാറില്‍പോയ ചോക്സിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ആന്റിഗ്വയിലെ പ്രതിപക്ഷം വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. കുറ്റവാളികളെ കൈമാറുന്നതിന് ആന്റിഗ്വയുമായി ഇന്ത്യക്ക് കരാര്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: