തൃശൂര്‍: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ച ആയുര്‍വേദ മരുന്നായ ആയുഷ്-64 ന്റെ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്താകമാനം മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന സേവാഭാരതിക്കാണ് മരുന്നുകളുടെ വിതരണ ചുമതല.
സംസ്ഥാനത്ത് തൃശൂരിലെ ചെറുതുരത്തി ദേശീയ ആയുര്‍വേദ പഞ്ചകര്‍മ്മ ഗവേഷണ കേന്ദ്രത്തിലും തിരുവനന്തപുരത്തുമായാണ് ആയുഷ് മന്ത്രാലയം മരുന്നുകള്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത്. മരുന്നുകളുടെ ആദ്യ വിതരണം പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ നടന്നുവരികയാണ്. മരുന്നുകള്‍ വിതരണത്തിനെത്തിച്ചിരിക്കുന്ന ജില്ലാ കേന്ദ്രങ്ങളില്‍ നിന്ന് നോഡല്‍ ഏജന്‍സിയായ സേവാഭാരതിക്ക് നേരിട്ട് കൈപ്പറ്റാം. മരുന്നുകളുടെ വിതരണത്തിനായി അതാത് പ്രദേശങ്ങളില്‍ സേവാഭാരതി കോ-ഓര്‍ഡിനേറ്റര്‍മാരെയും അഞ്ച് വോളന്റിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ആയുഷ് സര്‍ട്ടിഫിക്കറ്റുള്ള ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും മരുന്നുകള്‍ രോഗികള്‍ക്ക് എത്തിച്ച് നല്‍കുക.
ഡോക്ടര്‍മാര്‍ രോഗികളുടെ സ്ഥിതിവിവരങ്ങള്‍ വിലയിരുത്തിയ ശേഷം മരുന്നുകള്‍ നല്‍കും. 18നും 60നും ഇടയില്‍ പ്രായമുള്ള, തീവ്രത കുറഞ്ഞ കൊവിഡ് ബാധിച്ച രോഗികള്‍ക്ക് ഏഴുദിവസത്തിനകമാണ് മരുന്നുകള്‍ നല്‍കുന്നത്. രോഗികള്‍ക്ക് മരുന്നുകള്‍ നല്കിയ ശേഷം ഒന്നോ രണ്ടോ ദിവസം ഇവരെ ഫോണ്‍, വീഡിയോ കോണ്‍ഫറന്‍സ് വഴി നിരീക്ഷിക്കും. ഇതിനുള്ള സംവിധാനങ്ങളെല്ലാം തന്നെ സേവാഭാരതിയുടെ കീഴിലുള്ള ക്ലിനിക്കുകളിലുണ്ട്. മരുന്ന് കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, കൊവിഡ് പോസിറ്റീവായതിന്റെ സമ്മതപത്രം തുടങ്ങിയവ ഹാജരാക്കിയാല്‍ മാത്രമേ മരുന്നുകള്‍ നല്‍കൂ.
തൃശൂര്‍ ജില്ലാ വിതരണ ഉദ്ഘാടനം ചെറുതുരുത്തി ദേശീയ ആയുര്‍വേദ പഞ്ചകര്‍മ ഗവേഷണ കേന്ദ്രത്തില്‍ വച്ച് ഡയറക്ടര്‍ ഡോ. ഡി. സുധാകരനില്‍ നിന്ന് ആര്‍എസ്എസ് തൃശൂര്‍ വിഭാഗ് കാര്യവാഹ് കെ.എ ഉണ്ണികൃഷ്ണന് മരുന്നുകള്‍ ഏറ്റുവാങ്ങി നിര്‍വഹിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവന് പറമ്പില്‍ നേതൃത്വം നല്‍ികിയ ഉദ് ഘാടന പരിപാടിയില്‍ നോഡല്‍ ഓഫീസര്‍മാരായ ഡോ. പി.പി പ്രദീപ് കുമാര്‍, ഡോ.വി കൃഷ്ണകുമാര്‍, സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി പി. ഹരിദാസ്, ജില്ലാ സംഘടനാ സെക്രട്ടറി പി.എം രാംപ്രസാദ് എന്നിവര്‍ സംബന്ധിച്ചു. തൃശൂര്‍ ജില്ലയില്‍ 57 പഞ്ചായത്തുകളിലാണ് ആദ്യഘട്ട മരുന്ന് വിതരണം നടക്കുക. സംസ്ഥാനത്ത് ഓരോ പഞ്ചായത്തിലും ഒരു ഡോക്ടര്‍ അടക്കം ആറ് പേരടങ്ങുന്ന സംഘത്തിനെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. പഞ്ചായത്തുകളിലും വിപുലമായ സജ്ജീകരണങ്ങളാണ് സേവാഭാരതി ഒരുക്കിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: