കോട്ടയം: കരുതലും കാരുണ്യവും താങ്ങും തണലുമായി തിരുവഞ്ചൂര്‍ മധുനിലയത്തില് കിഷോര്‍കുമാറിന്റെ ഓട്ടോറിക്ഷ ഓടുകയാണ്. കോവിഡിന്റെ ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തിലുമായി നൂറിലേറെ കോവിഡ് രോഗികളെയാണ് കിഷോറിന്റെ ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ചത്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എപ്പോള്‍ വിളിച്ചാലും കിഷോര്‍ തന്റെ ഓട്ടോയുമായി അടുത്തെത്തും. നാട്ടുകാരും വീട്ടുകാരും അയല്‍വാസികളും പകച്ച് മാറിനില്‍ക്കുന്ന വേളയിലാണ് ഒരു മടിയോ ഭയമോ കൂടാതെ കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നത്.
ചിലര്‍ പണം തരും, ചിലര്‍ കുറച്ച് പണം തരും, മറ്റുചിലര്‍ പണം തരാറില്ല. എന്നാലും പരാതിയോ പരിഭവമോ ഇല്ലാതെ കിഷോര്‍ കര്‍മ്മനിരതനാണ്. ഇദ്ദേഹം അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തിലാണ് താമസിക്കുന്നതെങ്കിലും തിരുവഞ്ചൂരിന്റെ സമീപ പ്രദേശമായ വിജയപുരം, മണര്‍കാട് എന്നി പഞ്ചായത്തിലെ രോഗികളെയും ആശുപത്രിയില്‍ എത്തിക്കുന്നു.ഏകദേശം ഏഴ് വാര്‍ഡിലെ ജനങ്ങളാണ് കിഷോറിനെ ആശ്രയിക്കുന്നത്. ചിലപ്പോള്‍ ദൂരെ സ്ഥലത്തുനിന്നും പോലും സഹായം അഭ്യര്‍ത്ഥിച്ച് വിളിക്കാറുണ്ടെന്നും രോഗികളെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വീട്ടിലെത്തിക്കാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടി വരുമെന്നും കിഷോര്‍ പറഞ്ഞു. ഓരോ രോഗിയേയും കൊണ്ടുപോയതിന് ശേഷം തിരികെ എത്തി ഓട്ടോ അണുവിമുക്തമാക്കും.
വീട്ടിലെത്തിയാല്‍ ഷര്‍ട്ടും മുണ്ടും നല്ലപോലെ സോപ്പിട്ട് കഴുകി കുളിയും കഴിഞ്ഞാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അയര്‍ക്കുന്നം പഞ്ചായത്ത് 27ാം ബൂത്ത് ജനറല്‍ സെക്രട്ടറിയായ കിഷോര്‍ ഇതിനിടയില്‍ കോവിഡ് രോഗികള്‍ ഉള്ള വീടുകളില്‍ ഭക്ഷ്യക്കിറ്റ് വിതരണത്തിനും നേതൃത്വം നല്കുന്നു. എട്ടുവര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കിഷോര്‍ മികച്ച പാചക വിദഗ്ദ്ധനാണ്. കോവിഡിന് ശേഷമാണ് മുഴുവന്‍ സമയവും ഓട്ടോറിക്ഷ ഓടിക്കുന്നത്. മഹിളാ മോര്‍ച്ച അയര്‍ക്കുന്ന പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയായ ഭാര്യ രമ്യ ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണ നല്കുന്നു. മഹിളാ മോര്‍ച്ചയുടെ രക്തദാന പരിപാടിയുടെ പ്രധാന സംഘാടകയാണ് രമ്യ. രണ്ട് മക്കള്‍. വിദ്യാര്‍ത്ഥികളായ അക്ഷയ, അനാമിക. എല്ലാവരും അച്ഛന്റെ നല്ല പ്രവൃത്തിയെ പിന്തുണക്കുന്നു. കിഷോറിന്റെ അച്ഛന് ഒന്നര വര്‍ഷം മുമ്പ് മരിച്ചു. അമ്മ പ്രഭാവതി ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: