ധാക/ജറുസലേം: ഇസ്രയേലിലേക്ക് ഏര്‍പ്പെടുത്തിയിരുന്ന പതിറ്റാണ്ടുകള്‍ നീണ്ട യാത്രാവിലക്ക് ബംഗ്ലാദേശ് പിന്‍വലിച്ചു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നേട്ടത്തിനായി ടെല്‍ അവീവുമായി നയതത്രബന്ധം സ്ഥാപിക്കണമെന്ന് അവശ്യപ്പെട്ട ഇസ്രയേല്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. ‘ഇസ്രയേല്‍ ഒഴികെയുള്ള രാജ്യങ്ങളില്‍ ബാധകം’ എന്ന വ്യവസ്ഥ ബംഗ്ലാദേശി പാസ്‌പോര്‍ട്ടുകളില്‍ നേരത്തേയുണ്ടായിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ടിന് ലോകമാകെ സാധുത നല്‍കാന്‍ ‘ഇസ്രയേല്‍ ഒഴികെ’ എന്നത് പാസ്‌പോര്‍ട്ടില്‍നിന്ന് നീക്കും.
‘വലിയ വാര്‍ത്ത. ഇസ്രയേലിലേക്കുള്ള യാത്രാവിലക്ക് ബംഗ്ലാദേശ് നീക്കി. ഇത് സ്വാഗതാര്‍ഹമായ നടപടിയാണ്. മുന്‍പോട്ടുവന്ന് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ ഞാന്‍ ബംഗ്ലാദേശിനോട് ആവശ്യപ്പെടുന്നു. ഇതുമൂലം ഇരു ജനതയ്‌ക്കും നേട്ടവും സമൃദ്ധിയും നേടാനാകും’.- ഇസ്രയേല്‍ വിദേശകാര്യ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഗിലാഡ് കൊഹെന്‍ ട്വീറ്റ് ചെയ്തു.
പാസ്‌പോര്‍ട്ട് അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് മാറ്റമെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ അറിയിച്ചു. എട്ടു ദശകങ്ങളായി പലസ്തീനുമായി സംഘര്‍ഷങ്ങള്‍ തുടരുന്നതിനാല്‍ ഇസ്രയേലിനെ രാജ്യമായി ബംഗ്ലാദേശ് അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രതലത്തില്‍ ബന്ധമില്ലായിരുന്നു. ഇസ്രയേലനോടുള്ള ബംഗ്ലാദേശിന്റെ നിലപാട് മാറിയെന്ന് പുതിയ നടപടി അര്‍ഥമാക്കുന്നില്ലെന്ന് കമാല്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: