രാഷ്ട്രീയം മൂച്ചൂടും കേറി ബോധമണ്ഡലത്തെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നാല്‍ പിന്നെ ബോധമുണ്ടാവില്ല. അഥവാ ഉണ്ടായാലും നാടിനോ നാട്ടുകാര്‍ക്കോ ഒരു ഗുണവും ഉണ്ടാവില്ലതാനും. എന്നുമാത്രമല്ല, മാനവികതയുടെ തരിമ്പുപോലും മഷിയിട്ടു നോക്കിയാല്‍ കാണാനുമാവില്ല.
ഇസ്രയേല്‍ എന്ന രാജ്യത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നതില്‍ (പണ്ട് ചീനയുടെ കാര്യത്തില്‍ കോടിയേരിയുടെ പ്രയോഗം ഓര്‍ക്കുക) അഹമഹമികയാ പലരുമുണ്ട്. ലോകത്തെ തങ്ങളുടെ ആത്മാഭിമാനത്തിന്റെ കരുത്തും കണ്ണീരും കനിവും കാണിച്ചു കൊടുത്തവരാണ് ഇസ്രയേലുകാര്‍. അറബി രാഷ്ട്രങ്ങളുടെ എണ്ണക്കരുത്തും മതക്കരുത്തും ഒരു പരിധിവരെ ആ രാജ്യത്തെ കണ്ണീര് കുടിപ്പിച്ചിട്ടുണ്ട്. പക്ഷേ, എല്ലാ അമ്ലനദികളും നീന്തിക്കടന്ന അവരുടെ കരുത്ത് അല്‍ഭുതാവഹമാണ്. അതാണ് അറബ് രാജ്യങ്ങളെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും അസ്വസ്ഥരാക്കുന്നത്. സ്വന്തം പ്രാണനും രാജ്യവും ഒന്നെന്നു കരുതുന്ന ആത്മബോധത്തിന്റെ തീപ്പൊരി ഓരോ ഇസ്രയേലിയും കരളില്‍ കാത്തു വെക്കുന്നുണ്ട്. അത് തകര്‍ക്കാന്‍ കഴിയാത്തതത്രേ.
എന്നും കൈയേറി കൈവശപ്പെടുത്തുന്ന മാനസികനിലയുമായി പലസ്തീനും അവരെ കാത്തുവച്ച് ഹമാസ് എന്ന ഭീകരസംഘടനയും മുന്നേറുമ്പോള്‍ മാനവികതയാണ് വെടിയേറ്റു വീഴുന്നത്.
അങ്ങനെ വെടിയേറ്റു വീണ ഇന്ത്യക്കാരി, പ്രത്യേകിച്ച് മലയാളിയായിരുന്നു സൗമ്യ സന്തോഷ്. ജീവിതം കൂട്ടിമുട്ടിക്കാന്‍ ജോലി തേടി ഇസ്രയേലില്‍ കഴിഞ്ഞ അവര്‍ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരാനോ കൃത്യമായി വിവരങ്ങള്‍ അറിയിക്കാനോ അജണ്ടാധിഷ്ഠിത മാധ്യമങ്ങളോ രാഷ്ട്രീയനേതൃത്വങ്ങളോ തയാറായില്ല എന്നതത്രേ അത്യന്തം ദുഃഖകരം. സംഘടിത മതവിഭാഗത്തിന്റെ അപ്രീതി നേടിയാല്‍ മുന്നോട്ടുള്ള പോക്ക് അപകടമാവും എന്ന ഭീതി ഇത്തരക്കാരെ പൊതിയുകയാണുണ്ടായത്. ഹമാസിന്റെ വെടിയേറ്റാല്‍ അത് കിട്ടേണ്ടതാണെന്ന മനോഭാവം ഇവര്‍ വച്ചുപുലര്‍ത്തുന്നു. അതേസമയം പ്രത്യാക്രമണത്തിലോ പ്രതിരോധത്തിലോ ഒരു പാലസ്തീനിയന്‍ മരണമടഞ്ഞാല്‍ മാലാഖയും വിശുദ്ധയുമായി. ഇതിന്റെ രസതന്ത്രമാണ് പലര്‍ക്കും മനസ്സിലാവാതെ പോവുന്നത്.
ഇടുക്കിക്കാരിയായ സൗമ്യ സന്തോഷ് ഹമാസ് ഭീകരരുടെ ക്രൂരതയില്‍ ജീവന് പൊലിഞ്ഞപ്പോള്‍ ഒരു തുള്ളി കണ്ണീര് അവര്‍ക്കായി കേരളത്തിലെ അജണ്ടാധിഷ്ഠിത കേന്ദ്രങ്ങളിലുണ്ടായില്ല. സാഹിത്യ- സാംസ്കാരിക ഒപ്പിയാന്‍ സംഘം കരിമ്പടം പുതച്ച് കൂര്‍ക്കംവലിച്ചുറങ്ങി. ശയനപ്രദക്ഷിണത്തിനും നിരാഹാരത്തിനും ഒരു നോവലെഴുത്തുകാരനും മുന്നിട്ടിറങ്ങിയില്ല. ഭീകരതയോട് സന്ധിചെയ്ത് പാല്‍പ്പായസം കുടിക്കുന്ന അത്തരക്കാരും തൊണ്ട പൊട്ടുമാറുച്ചത്തില്‍ പറയുന്നു ‘സാക്ഷര കേരള’മാണ് ഇതെന്ന്.
സൗമ്യയുടെ ഭൗതിക ശരീരം ഇസ്രയേല്‍ എല്ലാ ഔദ്യോഗിക ബഹുമതികളോടും കൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ ഏറ്റുവാങ്ങാന്‍ ഏതെങ്കിലും വില്ലേജാപ്പീസിലെ തൂപ്പുകാരനെ പോലും കേരള സര്‍ക്കാര്‍ അയച്ചില്ല. പാലസ്തീന് മനസ്കര്‍ക്ക് അസ്വസ്ഥതയുണ്ടാക്കില്ലെന്ന കരാറില്‍ ഒപ്പുവച്ച രണ്ടാമൂഴം സര്‍ക്കാറിന് താല്പര്യം മറ്റു ചിലതായിരുന്നു എന്നു വ്യക്തം.
ഇക്കാര്യത്തെക്കുറിച്ച് മുഖ്യമന്ത്രിയോട് ഒരു മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോള്‍ നേരെ ചൊവ്വെ മറുപടി കൊടുക്കാന്‍ പോലും സാധിച്ചില്ല.’ സൗമ്യയുടെ കുടുംബത്തിന്റെ ഒപ്പം തന്നെയാണ് സര്‍ക്കാര്‍. കേരളം അതു കണ്ടതാണ്. എന്തും വിളിച്ചുപറയുന്ന ചില അസംബന്ധ പ്രചാരകരുണ്ട് നാട്ടില്‍. അതൊന്നും ആരും വിലവെക്കില്ല’ എന്നൊക്കെയുള്ള ഗീര്‍വാണങ്ങളാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. നേരെചൊവ്വെ ഉത്തരം പറയാതെ ആരോപണ മറകൊണ്ട് ജനങ്ങങ്ങളെ കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി. ഔദ്യോഗിക സംവിധാനത്തിന്റെ അസാന്നിധ്യം എന്തുകൊണ്ട് എന്ന ചോദ്യത്തിന് മതമൗലികവാദികളെ വെറുപ്പിക്കാനാവില്ല എന്ന നിശ്ശബ്ദ മറുപടിയാണ് ലഭിക്കുന്നത്. അതങ്ങനെയേവരൂ. അത്തരം മതമൗലിക – തീവ്രമേഖലകളുമായുള്ള തോളോടു തോള് ചേര്‍ന്ന പ്രവര്‍ത്തനത്തിന്റെ ആത്യന്തികഫലമാണല്ലോ രണ്ടാമൂഴം.
മരണമടഞ്ഞ ഒരു മലയാളിയെ അങ്ങേയറ്റം ബഹുമാനിച്ചു കൊണ്ട് ഇസ്രയേല്‍ അവരുടെ ഫൈറ്റര്‍ വിമാനത്തിന് സൗമ്യയുടെ പേരിടുമ്പോള്‍ സ്വന്തംനാട് പുറംകാല് കൊണ്ട് ആ വ്യക്തിത്വത്തെ തൊഴിച്ചെറിയുന്നു. എന്നിട്ട് സാക്ഷരതയുടെ പേരില്‍ അഭിമാനിക്കുന്നു. വോട്ടുരാഷ്ട്രീയത്തിന്റെ വേട്ടാള മുഖമാണിത്. മനുഷ്യത്വത്തെക്കാള്‍ വലുത് മത- വര്‍ഗീയ നിലപാടുതറയാണെന്ന ധാര്‍ഷ്ട്യത്തെ വളരാന്‍ അനുവദിക്കണോ എന്നത്രേ ചോദ്യം. അതിന് മറുപടി ഉണ്ടാവണ്ടേ? നിക്ഷിപ്ത നിലപാടും നീതിയും മാനവികതയ്ക്ക് ഭൂഷണമോ, അതോ ഭീഷണിയോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: