ഡോ. ബി രാജീവന്
പിണറായി വിജയന് കഴിഞ്ഞ അഞ്ചുവര്‍ഷമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനാധിപത്യവിരുദ്ധമായ നിരവധി കാര്യങ്ങള്‍, പ്രതിപക്ഷം ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി. അഴിമതി, ഒരു കമ്യൂണിസ്റ്റുകാരന് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കോടീശ്വരന്മാരെ പ്രീണിപ്പിക്കല്‍, കോര്‍പ്പറേറ്റ് വികസനം കൊണ്ടുവരുമ്പോള്‍ ഉണ്ടാകുന്ന പലതരം അഴിമതികള്‍, ക്രമവിരുദ്ധ പ്രവൃത്തികള്‍ തുടങ്ങിയവയെല്ലാം പിണറായിയുടെ നേതൃത്വത്തിലുണ്ടായി. ഇതെല്ലാം പ്രതിപക്ഷം ജനങ്ങളുടെ മുന്നില്‍ ഒരുപരിധിവരെ അവതരിപ്പിക്കുകയും ചെയ്തു. പക്ഷേ ജനഹൃദയങ്ങളിലത് സ്ഥാനംപിടിച്ചില്ല. സ്ഥാനം പിടിക്കാതിരുന്നതിന് ഒരു കാരണം എല്‍ഡിഎഫിന്റെ വമ്പന്‍ പിആര്‍ വര്‍ക്കാണ്. വളരെ ആസൂത്രിതവും സംഘടിതവുമായ പിആര്‍ വര്‍ക്കാണ് നടന്നത്. അതുപോലെ പാര്‍ട്ടി സംവിധാനം മനഃപൂര്‍വം ഇതിനുവേണ്ടി നന്നായി ഉപയോഗിച്ചു സിപിഐഎം. ഈ വിധത്തില്‍ ഒട്ടേറെ തന്ത്രങ്ങളിലൂടെയാണ് കേരള ജനത തെറ്റിദ്ധരിക്കപ്പെട്ടത്. ഈ ജനതയുടെ ആത്മപ്രകാശമായേ ഈ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്താനാകൂ.
ഇതുപോലെ ഒരു വിജയം മുന്‍പുണ്ടായത്, അടിയന്തരാവസ്ഥയ്ക്ക് തൊട്ടുശേഷമാണ്. അപ്പോഴാണ് സി. അച്യുതമേനോന്റെ തുടര്‍ഭരണം വരുന്നത്. അതിനുശേഷം ആദ്യ തുടര്‍ഭരണമാണ് പിണറായി വിജയന്റേത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം അച്യുതമേനോന് 100 സീറ്റോടുകൂടി അധികാരത്തില്‍ വരികയെന്ന് പറഞ്ഞാല്‍ കേരളീയരുടെ ജനാധിപത്യബോധത്തെക്കുറിച്ച് ഏതൊരു ജനാധിപത്യവാദിയും ലജ്ജിച്ചു തലതാഴ്ത്തിപ്പോയ തെരഞ്ഞെടുപ്പ് ഫലമായിരുന്നു അത്. അടിയന്തരാവസ്ഥക്കാലം പോലെ മര്‍ദ്ദനമുണ്ടായ കാലം പിന്നീടൊരിക്കലും ഉണ്ടായിട്ടില്ല… ഇതെല്ലാം കഴിഞ്ഞ് തൊട്ടുവന്ന തെരഞ്ഞെടുപ്പിലാണ് അച്യുതമേനോനും കരുണാകരനുമൊക്കെ നൂറ് സീറ്റോടെ ജയിച്ചുവന്നത്. അതിന്റെ ആവര്‍ത്തനമാണ് പിണറായി വിജയന്റെ രണ്ടാംവരവ്.
കഴിഞ്ഞ അഞ്ചുവര്‍ഷവും പാര്‍ട്ടി സ്വേച്ഛാധിപത്യവും അഴിമതിയും ജനാധിപത്യ വിരുദ്ധ ധ്വംസനവുമായിരുന്നു നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കുറ്റം ചെയ്താല്‍ അവരെ രക്ഷിക്കുന്ന പ്രവണത കഴിഞ്ഞ അഞ്ചുവര്‍ഷവും എത്രയോ ഉണ്ടായിരുന്നു. അതൊന്നും ഇവിടെ ഇപ്പോള്‍ ഉദാഹരിക്കുന്നില്ലെന്ന് മാത്രം. പാര്‍ട്ടിക്കാരെ അറസ്റ്റു ചെയ്താല്‍ സഖാക്കള്‍ പോയി പോലീസ് സ്റ്റേഷന് കയ്യേറി നിര്‍ബന്ധിച്ച് വിടുവിക്കുന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായി. വേറെയെവിടെയെങ്കിലും നടക്കുന്ന കാര്യമാണോ ഇതൊക്കെ. പാര്‍ട്ടിക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുന്ന കുപ്രസിദ്ധ പരിപാടിയും ഇക്കാലത്ത് അരങ്ങേറിയില്ലേ? പിഎസ്സി ചോദ്യപേപ്പറും ഉത്തരക്കടലാസും ഒരുമിച്ചാണ് എസ്എഫ്ഐ നേതാക്കള്‍ക്ക് വിതരണം ചെയ്തത്. ഈ വിധത്തില്‍ നോക്കുമ്പോള്‍ കഷ്ടപ്പെട്ട് പഠിച്ച സാധാരണക്കാരന്റെ മക്കള്‍, തെരുവില്‍ സമരരംഗത്തിറങ്ങേണ്ടി വന്നില്ലേ. വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥന് ഡബിള്‍ പ്രമോഷനാണ് കൊടുത്തത്! ഇങ്ങനെയൊക്കെ നിരവധി സംഭവങ്ങള്‍ നടത്തിയിട്ട് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ കേരള ജനത എല്‍ഡിഎഫിനെ നൂറ് സീറ്റിലെത്തിച്ചു എന്നുപറയുമ്പോള്‍ സംസ്ഥാന ജനതയുടെ രാഷ്ട്രീയ മനഃശാസ്ത്രത്തില്‍ എന്തോ കാര്യമായ തകരാര്‍ സംഭവിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ജനതയെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ആസൂത്രിത നീക്കങ്ങളെല്ലാം വിജയിച്ച മാനേജ്മെന്റ് തന്ത്രം. അതായിരുന്നു തെരഞ്ഞെടുപ്പ്.
ചന്ദ്രിക ആഴ്ചപ്പതിപ്പ്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: