ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിടാനായി താന്‍ മറ്റേതെങ്കിലും പാര്‍ട്ടി നേതാവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് തെളിയിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിദ്ദു. ഏതെങ്കിലും സ്ഥാനം ആരോടും ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ അമൃത്സറില്‍നിന്നുള്ള എംഎല്‍എ കൂടിയായ സിദ്ദു, പലവട്ടം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, പാര്‍ട്ടി നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രങ്ങളുള്‍പ്പെടുന്ന വീഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
പഞ്ചാബിലെ ഫരിദ്കോട്ടില്‍ മതഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ, 2015-ലുണ്ടായ കൊട്കാപുര വെടിവയ്പുമായി ബന്ധപ്പെട്ട അന്വേഷണം പഞ്ചാബ്, ഹരിയാന ഹൈക്കോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു. ഇതിനുശേഷമാണ് അമരീന്ദ് സിംഗിനെതിരെ സിദ്ദു തിരിഞ്ഞത്. സിദ്ദുവിന്റെ പ്രതിഷേധം അച്ചടക്കമില്ലായ്മയാണെന്ന് ചൂണ്ടിക്കാട്ടി വിമര്‍ശിച്ച പഞ്ചാബ് മുഖ്യമന്ത്രി അദ്ദേഹം ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയേക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു സിദ്ദുവിന്റെ ട്വീറ്റ്.
‘മറ്റ് പാര്‍ട്ടി നേതാവുമായി ഞാന്‍ നടത്തിയ ഒരു കൂടിക്കാഴ്ച തെളിയിക്കൂ. ഇതുവരെ ആരോടും ഒരുസ്ഥാനവും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടതെല്ലാം പഞ്ചാബിന്റെ സമൃദ്ധിയാണ്. പലവട്ടം മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ക്ഷണിച്ചിരുന്നു. പക്ഷെ ഞാന്‍ സ്വീകരിച്ചില്ല. ഇപ്പോള്‍ ബഹുമാനപ്പെട്ട ഞങ്ങളുടെ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടുണ്ട്, കാത്തിരിക്കും’-സിദ്ദു ട്വിറ്ററില്‍ കുറിച്ചു. തദ്ദേശഭരണവകുപ്പ് കൈകാര്യം ചെയ്തിരുന്ന സിദ്ദു 2019-ലാണ് മന്ത്രിസഭയില്‍നിന്ന് രാജിവച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെയെത്തിക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം ഇടപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാര്‍ച്ചില്‍ സിദ്ദുവും അമരീന്ദര്‍ സിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: