തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലെ സിപിഎം മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഇത്തവണ കൂടുതല്‍ കര്‍ശനമായ പാര്‍ട്ടി ഇടപെടല്‍. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിമാരുടെ സ്റ്റാഫില്‍ പ്രവര്‍ത്തിച്ചവരെ ഒഴിവാക്കാനും തീരുമാനമുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവരായാലും സിപിഎം ബന്ധമുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. സിപിഎം പാര്‍ട്ടി അംഗങ്ങളെ മാത്രമാകും സിപിഎം മന്ത്രിമാര്‍ പ്രൈവറ്റ് സെക്രട്ടറിമാരാക്കുക. അവരുടെ നിയമനത്തിനു മുമ്പ് പാര്‍ട്ടി ഘടകങ്ങളോട് ആലോചിക്കുകയും നേതൃത്വത്തിന്റെ നിര്‍ദേശം സ്വീകരിക്കുകയും ചെയ്യണം.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ വരുന്നവര്‍ സിപിഎമ്മുമായി ബന്ധമുള്ളവരും സിപിഎമ്മിന്റെ സര്‍വീസ് സംഘടനാ അംഗങ്ങളുമായിരിക്കണം. 51 ആണ് ഇവര്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ മന്ത്രിസഭാകാലത്ത് റിട്ടയര്‍ ചെയ്യാന്‍ ഒരുവര്‍ഷം മാത്രം കാലാവധിയുള്ളവര്‍ പലരും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ എത്തുകയും റിട്ടയര്‍മെന്റിന് ശേഷം തുടരുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. ഇതൊഴിവാക്കാനാണ് 51 എന്ന പ്രായപരിധി നിശ്ചയിച്ചത്. സ്റ്റാഫില്‍ കടന്നുകൂടാം എന്ന് കരുതിയിരുന്ന, എന്‍ജിഒ യൂണിയനില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളടക്കമുള്ള പലര്‍ക്കും പ്രായപരിധി നിശ്ചയിച്ചതില്‍ അതൃപ്തിയുണ്ട്. തുടര്‍ ഭരണം ലഭിച്ച സാഹചര്യത്തില്‍ ഏതെങ്കിലും മന്ത്രിയുടെ സ്റ്റാഫില്‍ കടന്നുകൂടാം എന്ന് മോഹിച്ചിരുന്നവര്‍ക്കും പുതിയ തീരുമാനം കടുത്ത നിരാശയാണുണ്ടാക്കിയിട്ടുള്ളത്.
പേഴ്സണല്‍ സ്റ്റാഫില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതവേണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്ലാ മന്ത്രിമാര്‍ക്കും നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഭരണകാലത്ത് പേഴ്സണല്‍ സ്റ്റാഫുകള്‍ വഴിവിട്ട് പ്രവര്‍ത്തിക്കുകയും അഴിമതിക്ക് കൂട്ടു നില്‍ക്കുകയും ചെയ്തതാണ് സര്‍ക്കാരിന് ഏറെ പഴികേള്‍ക്കേണ്ടിവന്ന സാഹചര്യമുണ്ടായെതെന്നാണ് വിലയിരുത്തല്‍. ഇത്തവണ അതുണ്ടാകാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധവേണമെന്നാണ് എല്ലാവകുപ്പുകളോടും പിണറായിയുടെ നിര്‍ദേശം.
നിയമനങ്ങള്‍ പാര്‍ട്ടിയുടെ അനുമതിയോടെ മാത്രമേ നടത്താന്‍ പാടുള്ളൂ. പേഴ്സണല്‍ സ്റ്റാഫുകളായി ഉദേശിക്കുന്നവരുടെ പശ്ചാത്തലം പരിശോധിച്ചതിന് ശേഷം മാത്രമേ നിയമിക്കാവൂ. സാങ്കേതികമായ പരിശോധനയ്‌ക്കപ്പുറം പാര്‍ട്ടി തലത്തില്‍ വ്യക്തമായ അന്വേഷണം അവരെക്കുറിച്ച് നടത്തണം. നേതാക്കളുടെ ശുപാര്‍ശയുടേയും സമ്മര്‍ദത്തിന്റെയും അടിസ്ഥാനത്തില്‍ പേഴ്സണല്‍ സ്റ്റാഫില്‍ ജീവിനക്കാരെ നിയമിക്കരുത്.
എല്ലാ വകുപ്പുകളിലും മുഖ്യമന്ത്രി പിണറായിവിജയന്റെ ശക്തമായ നിരീക്ഷണവും വിലയിരുത്തലുമുണ്ടാകും. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശൈലിപിന്തുടരാനാണ് പിണറായി വിജയന്റെ തീരുമാനം. ഓരോ മന്ത്രിയും എന്തു ചെയ്യുന്നു, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നകാര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുകയും തിരുത്തല്‍ വരുത്തേണ്ടഘട്ടത്തില്‍ ഇടപെടുകയും ചെയ്യുമെന്നാണ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. മുന്‍പരിചയമില്ലാത്ത പുതുമുഖങ്ങളെ മന്ത്രിമാരാക്കുക വഴി പിണറായി ലക്ഷ്യമിടുന്നതും മറ്റൊന്നല്ല. വകുപ്പുകളിലുള്ള ഇടപെടലുകളുടെ ആദ്യപടിയെന്ന നിലയിലാണ് പേഴ്സണല്‍ സ്റ്റാഫ് നിയമനത്തിലെ കര്‍ശന നിബന്ധനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: