തിരുവനന്തപുരം: കൊലപാതകമടക്കം സംസ്ഥാനത്തൊട്ടാകെ വധശ്രമം, മോഷണം, കവര്‍ച്ച, ആളപഹരണക്കേസുകളില്‍ പ്രതിയായ ഗുണ്ടാത്തലവന്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന ആറ്റിങ്ങല്‍ ബിജുവിനെ ആറ്റിങ്ങല്‍ കൂട്ടായ്മ കവര്‍ച്ച കേസില്‍ ഹാജരാക്കാന്‍ തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു. 2001ല്‍ ബിജുവിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങലില്‍ നടത്തിയ കൂട്ടായ്മ കവര്‍ച്ചക്കേസിലാണ് കോടതി ഉത്തരവ്.
തമിഴ്‌നാട് തക്കല തൃക്കോല്‍വട്ടം പുഷ്പഗിരി വീട്ടില്‍ നിന്നും ആറ്റിങ്ങല്‍ ബി.റ്റി.എസ്. റോഡ് സുബ്രഹ്‌മണ്യ വിലാസത്തില്‍ ബിജു (56) വിനെയാണ് ഹാജരാക്കേണ്ടത്. ഇയാള്‍ കടക്കാവൂര്‍ മണിക്കുട്ടന്‍ കൊല കേസിലും അമ്പലത്തറ അബ്ദുള്‍ ജബ്ബാര്‍ കൊലക്കേസിലും മുഖ്യ പ്രതിയാണ്. 20 വര്‍ഷത്തിലധികമായി കോടതിയില്‍ ഹാജരാകാതെയും പോലീസിനെ വെട്ടിച്ചും ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് വാറണ്ട് ഉത്തരവ് പ്രകാരം 2021 ഫെബ്രുവരി 28ന് കോട്ടയം പൊന്‍കുന്നത്തെ ഒളിസങ്കേതത്തില്‍ നിന്ന് പിടി കൂടുകയായിരുന്നു.
തമിഴ്‌നാട്ടിലെ മേല്‍വിലാസത്തില്‍ കരസ്ഥമാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാള്‍, മുംബൈ, ദല്‍ഹി വിമാനത്താവളങ്ങള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്നു പോയിരുന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബംഗ്‌ളുരുവിലും തമിഴ്നാട്ടിലും രഹസ്യമായി വസ്തുവും വിടും വാങ്ങി മാറി മാറി ഒളിവില്‍ താമസിക്കുകയായിരുന്നു. വിദേശത്തായിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെയുപയോഗിച്ച് ഇയാള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കടക്കാവൂര്‍ കൊല്ലമ്പുഴയില്‍ മണിക്കുട്ടനെ സംഘം ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയ കേസിലും തിരുവല്ലം അമ്പലത്തറ കല്ലുംമൂട്ടില്‍ അബ്ദുള്‍ ജബ്ബാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും 2000ല്‍ നടന്ന നേമം കൊലക്കേസിലും 1994ല്‍ നടന്ന വലിയതുറ കൂട്ടായ്മ കവര്‍ച്ചക്കേസിലും പ്രധാന പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: