തൃശൂര്‍:ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖയിലെ കവര്‍ച്ചാ കേസിലെ പ്രതി റിജോ ആന്റണിയെ പൊലീസ് പിടികൂടിയത് അതിസമര്‍ത്ഥമായി.വെള്ളിയാഴ്ച കവര്‍ച്ച നടക്കുന്നതിനിടെ പ്രതി ബാങ്ക ജീവനക്കാരോട് ഹിന്ദിയില്‍ സംസാരിച്ചത് അന്വേഷണം വഴി തെറ്റിക്കാനാണെന്ന് ആദ്യമേ തന്നെ വ്യക്തമായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ശരീരപ്രകൃതമനുസരിച്ച് പ്രതി മലയാളിയായിരിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചു.ഇതില്‍ റിജോയുടെ കുടവയറും നിര്‍ണായകമായി. സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ശരീരപ്രകൃതം കൃത്യമായി പൊലീസ് നിരീക്ഷിച്ചു.
ഇതിന് പുറമെ റിജോ ഓടിച്ച സ്‌കൂട്ടറും ധരിച്ചിരുന്ന ഷൂവും പൊലീസിന് വേഗത്തില്‍ പ്രതിയിലേക്ക് എത്തുന്നതിന് സഹായകമായി.ബാങ്കില്‍ നിന്ന് 15 ലക്ഷം രൂപ മാത്രമെടുത്തതും പൊലീസിന് സംശയം ജനിപ്പിച്ചു.ബാങ്കിനെക്കുറിച്ച് നന്നായി അറിയുന്നയാളായിരിക്കുമെന്ന് അതോടെ പൊലീസ് ഉറപ്പിച്ചു. തൃശൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ ടിവിഎസ് എന്‍ട്രോഗ് സ്‌കൂട്ടറുള്ളവരുടെ പട്ടിക അടക്കം പൊലീസ് പരിശോധിച്ചിരുന്നു.
ബാങ്കിലുള്ളവര്‍ പുറത്തുള്ളവരെ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അറിയിക്കുമെന്ന ഭയം മൂലമാണ് 15 ലക്ഷം മാത്രം എടുത്തതെന്നാണ് റിജോ കുറ്റസമ്മത മൊഴി നല്‍കിയത്. കുറച്ചു സമയം മാത്രം ബാങ്കില്‍ ചെലവിട്ട് കയ്യില്‍ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി മുമ്പ് ഗള്‍ഫിലുണ്ടായിരുന്നപ്പോള്‍ വാങ്ങിയതാണ്. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരമാവധി ക്യാമറയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിരുന്നു.പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടില്‍ കയറിയത്. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിലാണ് വീട്ടില്‍ കഴിഞ്ഞതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി.
കവര്‍ച്ച നടത്തിയ ഫെഡറല്‍ ബാങ്ക് ശാഖയുടെ രണ്ടര കിലോമീറ്റര്‍ അകലെയാണ് റിജോയുടെ വീട്. ഈ പരിസരത്ത് പൊലീസ് അന്വേഷണം നടത്തുമ്പോള്‍ ആളുകളെ സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇത് കണ്ട വീട്ടമ്മയാണ് നമ്മുടെ റിജോയെ പോലെയുണ്ടല്ലോയെന്ന് പറഞ്ഞത്. അടുത്തുള്ളയാളാണ് റിജോയെന്ന് വീട്ടമ്മ പറഞ്ഞു.
റിജോയ്‌ക്ക് ഇതുപോലെയുള്ള സ്‌കൂട്ടറുണ്ടെന്നും അവര്‍ പറഞ്ഞത് പ്രകാരം റിജോയുടെ വീട്ടില്‍ പൊലീസെത്തുമ്പോള്‍ സ്‌കൂട്ടര്‍ അവിടെയുണ്ടെങ്കിലും അതിന് കണ്ണാടിയുണ്ടായിരുന്നു.എന്നാല്‍ മോഷണം നടത്തുമ്പോള്‍ സ്‌കൂട്ടറിന് കണ്ണാടിയുണ്ടായിരുന്നില്ല. അതേസമയം മോഷണ സമയത്തും അതിനുശേഷവും റിജോ ധരിച്ചിരുന്ന ഷൂ വീടിന് മുന്നിലുണ്ടായിരുന്നു. ഈ അടയാളം കൂടി ലഭിച്ചതോടെ പ്രതി റിജോയാണെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. മോഷണശേഷം പ്രതി വീട്ടില്‍ കുടുംബ സംഗമവും നടത്തി.
പിടിയിലായ റിജോ ആന്റണിയുമായി പൊലീസ് കവര്‍ച്ച നടന്ന ഫെഡറല്‍ ബാങ്കിന്റെ ചാലക്കുടി പോട്ട ശാഖയിലെത്തി തെളിവെടുപ്പ് നടത്തി. വന്‍ സുരക്ഷയിലാണ് റിജോയെ പൊലീസ് സ്ഥലത്തെത്തിച്ചത്. എല്ലാം ഒറ്റയ്‌ക്കാണ് ചെയ്തതെന്ന് റിജോ പൊലീസിനോട് സമ്മതിച്ചു. മോഷ്ടിച്ച മുഴുവന്‍ പണവും പൊലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: